അ​ങ്ക​ണ​വാ​ടിയിൽനിന്ന് വെ​ളി​ച്ചെ​ണ്ണ മോ​ഷ്ടി​ച്ച​യാ​ള്‍ കാ​ണാ​മ​റ​യ​ത്ത്
Saturday, August 2, 2025 7:33 AM IST
ച​ങ്ങ​നാ​ശേ​രി: വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​മ്പോ​ള്‍ പെ​രു​മ്പ​ന​ച്ചി അ​ങ്ക​ണ​വാ​ടി​യു​ടെ പൂ​ട്ടു​പൊ​ളി​ച്ച് സ്റ്റോ​ര്‍ റൂ​മി​ല്‍ ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല് ലി​റ്റ​ര്‍ വെ​ളി​ച്ചെ​ണ്ണ ക​വ​ര്‍ന്ന​യാ​ളെ​ത്തേ​ടി തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ്.

പെ​രു​മ്പ​ന​ച്ചി ഗ​വ​ൺ​മെ​ന്‍റ് എ​ല്‍പി സ്‌​കൂ​ളി​ന്‍റെ അ​ടു​ക്ക​ള​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​രി​പ്പെ​ട്ടി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ട്ടു​ക​ത്തി എ​ടു​ത്താ​ണ് തൊ​ട്ടു​ചേ​ര്‍ന്നു​ള്ള അ​ങ്ക​ണ​വാ​ടി​യു​ടെ സ്റ്റോ​ര്‍ റൂം കു​ത്തി​ത്തു​റ​ന്ന​ത്.

വെ​ളി​ച്ചെ​ണ്ണ​യ്ക്കൊ​പ്പം ര​ണ്ട​ര​ക്കി​ലോ റാ​ഗി​പ്പൊ​ടി​യും നാ​ല് കി​ലോ ശ​ര്‍ക്ക​ര​യും മോ​ഷ​ണം പോ​യി​രു​ന്നു. കേ​ടാ​യ​തി​നെ​ത്തു​ട​ര്‍ന്ന് അ​ഴി​ച്ചു​വ​ച്ച ഒ​രു ഫാ​നും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ സ്റ്റോ​ക്ക് വ​ന്ന തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് വെ​ളി​ച്ചെ​ണ്ണ മോ​ഷ്ടാ​വി​നെ തെ​ര​യു​ന്ന​ത്.