വെളിച്ചിയാനി: ഭാരതത്തെ മതേതരത്വത്തിന്റെ ശവപ്പറമ്പാക്കാൻ ആരെയും അനുവദിക്കില്ലെന്നും കന്യാസ്ത്രീകൾക്ക് നേരിടേണ്ടിവന്ന പീഡനം ഇന്ത്യൻ മതേതര മനസിനേറ്റ മുറിവാണെന്നും കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ. ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് വെളിച്ചിയാനി ഫൊറോന കത്തോലിക്ക കോൺഗ്രസ്, എസ്എംവൈഎം, പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാറത്തോട്ടിൽ നടത്തിയ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഡിൽ നടന്ന സംഭവം ഒറ്റപ്പെട്ട സംഭവമല്ല. സമാനമായ സംഭവങ്ങൾ അടുത്തകാലത്ത് ധാരാളം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ദൈവസ്നേഹത്തെപ്രതി മനുഷ്യർക്കുവേണ്ടി ത്യാഗപൂർവമായ ജീവിതം സമർപ്പിച്ചിരിക്കുന്ന വിവിധ സന്യാസി സമൂഹത്തിൽപ്പെട്ട സന്യസ്തർ, വൈദികർ, അല്മായർ എന്നിവർ ചെയ്യുന്ന ശുശ്രൂഷകളെല്ലാം മതപരിവർത്തനത്തിന്റെ ലേബൽ ഒട്ടിച്ച് കുറ്റം വിധിക്കുന്നത് നിർഭാഗ്യകരവും അപലപനീയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെളിച്ചിയാനി ഫൊറോന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ അധ്യക്ഷത വഹിച്ചു. ജോർജുകുട്ടി ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. പിതൃവേദി ഫൊറോന വൈസ് പ്രസിഡന്റ് സൂരജ് പുത്തൻപുരക്കൽ, മാതൃവേദി പ്രസിഡന്റ് ജൂബി ആന്റണി, എസ്എംവൈഎം ഫൊറോന പ്രസിഡന്റ് ജെമി റോസ് തോമസ്, കത്തോലിക്ക കോൺഗ്രസ് ഫൊറോന സെക്രട്ടറി തോമസ് ചെമ്മരപ്പള്ളിയിൽ, ജോമി വെള്ളമുണ്ടയിൽ, ജോഷി പൂവത്തുങ്കൽ, സാജു പടന്നമാക്കൽ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, സുബിൽ കല്ലൂകുന്നേൽ, വർഗീസ് വാതലൂർ, ചാണ്ടി കപ്പലുമാക്കൽ എന്നിവർ പ്രസംഗിച്ചു. വൈദികരും സന്യസ്തരും അല്മായരുമുൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.