കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഇന്നു മുതല്‍ പത്തുവരെ നടക്കും. ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് അക്കരപ്പള്ളിയില്നിന്നു കത്തീഡ്രല്‍ പള്ളിയിലേക്ക് ജൂബിലി വിളംബര റാലി ഇന്നു നടത്തും.
കത്തോലിക്ക കോണ്‍ഗ്രസ്, പിതൃവേദി, മാതൃവേദി, എസ്എംവൈഎം, വിന്‍സെന്റ് ഡി പോള്‍, കൂട്ടായ്മ ലീഡേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന വിളംബര റാലി വൈകുന്നേരം 5.45ന് കത്തീഡ്രല്‍ വികാരി ഫാ. കുര്യന് താമരേശരി ഫ്ളാഗ് ഓഫ് ചെയ്യും. കാഞ്ഞിരപ്പള്ളി ടൗണ്‍ ചുറ്റി റാലി കത്തീഡ്രല്‍ പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് ജൂബിലി പതാക ഉയര്‍ത്തല്‍, തിരിതെളിക്കല്, 200 പേർ അണിനിരക്കുന്ന ജൂബിലി ഗാനം, വാദ്യമേളം എന്നിവ ഉണ്ടായിരിക്കും. റാലിയില്‍ 200 വര്‍ഷത്തിന്റെ പ്രതീകമായി 200 പേര് കൊടിയേന്തും, ഫ്ളോട്ടുകള്‍, കൂട്ടായ്മാതല പ്രതിനിധികള്‍ എന്നിവര്‍ റാലിയില്‍ അണിനിരക്കും.
കത്തീഡ്രല്‍ വികാരി ഫാ. കുര്യന് താമരശേരി, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. തോമസ് മുളങ്ങാശേരി, കൈക്കാരന്മാരായ കെ.സി. ഡൊമിനിക് കരിപ്പാപ്പറമ്പില്‍, ഏബ്രഹാം കെ. അലക്സ് കൊല്ലംകുളം, ടി.സി. ചാക്കോ വാവലുമാക്കല്‍, പി.കെ. കുരുവിള പിണമറുകില്‍, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ എള്ളുക്കുന്നേല്‍, പ്രോഗ്രാം കണ്‍വീനര്‍ റെജി കൊച്ചുകരിപ്പാപറമ്പില്‍, ജിജി പുത്തേട്ട്, റെജി കൈപ്പന്‍പ്ലാക്കല്‍, മെറീന ടോമി കാവുങ്കല്‍, റാലി കണ്‍വീനര്‍ ഡോണി സാബു തുണ്ടിയില്‍, ബെന്നി അതിരുകുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കും.