ചങ്ങനാശേരി: കുട്ടികള്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളിലുള്ള മധ്യവേനല്‍ അവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റണമെന്നുള്ള നിർദേശം അപ്രായോഗീകമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതി.
സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസില്‍ ബോര്‍ഡ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഇതു വളരെയേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. കൂടാതെ വിവിധ എന്‍ട്രന്‍സ് പരീക്ഷകൾ എഴുതുന്ന കുട്ടികള്‍ക്ക് ഇതു പ്രയാസമുണ്ടാക്കും. കൃത്യമായ തയാറെടുപ്പുകൾക്ക് കഴിയാതെയും വരും.
ഏപ്രില്‍, മേയ് മാസങ്ങളിലെ കൊടുംചൂടില്‍ ക്ലാസ് മുറിയിലിരുന്ന് പഠനം നടത്തുന്നത് കൊച്ചുകുട്ടികള്‍ക്ക് ക്ലേശകരമായിരിക്കും. ജലലഭ്യത കുറവുള്ള ഇക്കാലയളവില്‍ സ്കൂളുകള്‍ക്ക് ആവശ്യമായ ശുദ്ധജലം ലഭ്യമാകുമോ എന്നതു തീരുമാനമെടുക്കുമ്പോള്‍ മനസിലുണ്ടാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജോസ് വെങ്ങാന്തറ, ജോര്‍ജുകുട്ടി മുക്കത്ത്, രാജേഷ് ജോണ്‍, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, ചാക്കപ്പന് ആന്റണി, സേവ്യര്‍ കൊണ്ടോടി, ജോബി ചൂരക്കളം, ടോം കയ്യാലകം, ജോസി ഡൊമിനിക്, ഷാജി വര്‍ക്കി, ലിസി ജോസ്, ജെസി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.