റോ​ഡ​രി​കി​ല്‍ അ​പ​ക​ടക്കെ​ണി​യൊ​രു​ക്കി കെ​എ​സ്ഇ​ബി
Monday, August 4, 2025 7:16 AM IST
പെ​രു​വ: റോ​ഡ​രി​കി​ല്‍ അ​പ​ക​ടക്കെ​ണി​യൊ​രു​ക്കി കെ​എ​സ്ഇ​ബി. പെ​രു​വ കെ​എ​സ്ഇ​ബി സ​ബ് സെ​ന്‍ററിന്‍റെ കീ​ഴി​ലു​ള്ള കു​ന്ന​പ്പ​ള്ളി​യി​ല്‍ റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞ് അ​പ​ക​ടഭീ​ഷി​ണി ഉ​യ​ര്‍​ത്തു​ന്ന​ത് വൈ​ദ്യു​തി തൂ​ണു​ക​ളാ​ണെ​ങ്കി​ല്‍, കാ​രി​ക്കോ​ട്ട് വൈ​ദ്യു​തി തൂ​ണി​ലേ​ക്ക് പ​ട​ര്‍​ന്നുക​യ​റി നി​ല്‍​ക്കു​ന്ന വ​ള്ളി​പ്പ​ട​ര്‍​പ്പു​ക​ളാ​ണ് നാ​ട്ടു​കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​വു​ന്ന​ത്.

കു​ന്ന​പ്പ​ള്ളി ആ​ക്യ​മാ​ലി ജം​ഗ്ഷ​നി​ല്‍നി​ന്നു മ​ട​ത്താ​ട്ട് കോ​ള​നി റോ​ഡി​ലു​ള്ള വൈ​ദ്യു​ത തൂ​ണു​ക​ളാ​ണ് റോ​ഡി​ലേ​ക്ക് ചെരി​ഞ്ഞു മ​റി​ഞ്ഞു​വീ​ഴാ​റാ​യ നി​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​തി​ലൂ​ടെ​യു​ള്ള വൈ​ദ്യു​തി ലൈ​നു​ക​ള്‍ മാ​റ്റി പു​തി​യ തൂ​ണു​ക​ളി​ലേ​ക്ക് സ്ഥാ​പി​ച്ചെ​ങ്കി​ലും ചെ​രി​ഞ്ഞുനി​ല്‍​ക്കു​ന്ന തൂ​ണു​ക​ള്‍ മാ​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​ല്ല. നി​ര​വ​ധി​ത്ത​വ​ണ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യാ​ണി​ത്. ചെരി​ഞ്ഞുനി​ല്‍​ക്കു​ന്ന നി​ര​വ​ധി തൂ​ണു​ക​ള്‍ മാ​റ്റിസ്ഥാ​പി​ച്ച വൈ​ദ്യു​ത ലൈ​നി​ന്‍റെ ന​ടു​ക്കാ​ണ് സ്ഥി​തിചെ​യ്യു​ന്ന​ത്. വൈ​ദ്യു​തി തൂ​ണു​ക​ള്‍ മ​റി​ഞ്ഞു​വീ​ണാ​ല്‍ വൈ​ദ്യു​ത ലൈ​ന്‍ ഉ​ള്‍​പ്പെ​ടെ പൊ​ട്ടി​വീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

മൂ​ര്‍​ക്കാ​ട്ടി​പ്പ​ടി-​വെ​ള്ളൂ​ര്‍ റോ​ഡി​ല്‍ പൈ​ന്താ​റ്റി​ല്‍ ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്നി​ട​ത്താ​ണ് വൈ​ദ്യു​ത തൂ​ണി​ലും ഇ​തു വ​ലി​ച്ചുകെ​ട്ടി​യ സ്റ്റേ ​ക​മ്പി​ക​ളി​ലൂ​ടെ​യും വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വ​ള്ളി​പ്പ​ട​ര്‍​പ്പു​ക​ള്‍ ക​യ​റി​യി​രി​ക്കു​ന്ന​ത്.