കാ​ഞ്ഞി​ര​പ്പ​ള്ളി-​ത​മ്പ​ല​ക്കാ​ട് റോ​ഡി​ലെ കു​ഴി​ക​ള്‍ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്നു
Tuesday, August 5, 2025 11:54 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി-​ത​മ്പ​ല​ക്കാ​ട് റോ​ഡി​ല്‍ ക​ട​മ​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്നു. അ​ടു​ത്ത​ടു​ത്താ​യി രൂ​പം കൊ​ണ്ട ഒ​ന്നി​ലേ​റെ കു​ഴി​ക​ളാ​ണ് അ​പ​ക​ടഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശു​ക​വ​ല​യി​ല്‍​നി​ന്ന് ത​മ്പ​ല​ക്കാ​ടി​ന് പോ​കു​ന്ന ഭാ​ഗ​ത്ത് ക​ട​മ​പ്പു​ഴ പാ​ല​ത്തി​ന് മു​ന്‍​പാ​യി റോ​ഡി​ന്‍റെ വ​ല​തു വ​ശ​ത്താ​ണ് കു​ഴി​ക​ള്‍ രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന​ത്. കു​ഴി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പ് വ​ള​വ​ട​ക്കം ഉ​ള്ള​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. വേ​ഗ​ത്തി​ല്‍ ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ടു​ത്തു​വ​രു​മ്പോ​ള്‍ മാ​ത്ര​മാ​ണ് കു​ഴി​ക​ള്‍ കാ​ണു​ന്ന​ത്. വെ​ട്ടി​ച്ച് മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ പ​ല​പ്പോ​ഴും അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്കു​ന്ന​ത് ഭാ​ഗ്യംകൊ​ണ്ടു മാ​ത്ര​മാ​ണ്. ചി​ല വാ​ഹ​ന​ങ്ങ​ളാ​ക​ട്ടെ കുഴി​ക​ളി​ല്‍ ചാ​ടു​ന്ന സ്ഥി​തി​യു​മു​ണ്ട്.

ത​മ്പ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും കു​ഴി​ക​ളി​ല്‍ ചാ​ടു​ന്ന​ത്. കു​ഴി​ക​ള്‍ വെ​ട്ടി​ച്ചു​മാ​റ്റു​ന്ന ചി​ല വാ​ഹ​ന​ങ്ങ​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ക​ട​ന്നു​പോ​കു​ന്നിട​ത്തു കൂ​ടി ക​യ​റി​യാ​ണ് പാ​ഞ്ഞുപോ​കു​ന്ന​ത്. ഇ​തും അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ക​യാണ്.

സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ ഇ​തു​വ​ഴി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭീ​തി​യോ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. മ​ഴ പെ​യ്താ​ല്‍ കു​ഴി കാ​ണാ​ന്‍ ക​ഴി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഇ​തി​ല്‍ ചാ​ടു​ന്ന​തും പ​തി​വാ​ണ്.