കുറവിലങ്ങാട്: ഓർമകളുടെ വേലിയേറ്റമായിരുന്നു ആ മുഖങ്ങളിലെല്ലാം. ആ ഓർമകളിലേക്ക് മുങ്ങിത്താഴാനാണ് വിദേശങ്ങളിൽനിന്നടക്കമുള്ളർ തങ്ങൾ കളിച്ചുവളർന്ന ദേവമാതായുടെ വിളികേട്ട് ഓടിയെത്തിയത്. സഹപാഠികളായ 60 പേരിൽ അകാലത്തിൽ പൊലിഞ്ഞ ഒരാളൊഴികെയുള്ളവരെല്ലാം ഒരുമിച്ചുവെന്നത് സംഘാടക മികവുമായി.
കേവലമൊരു സംഗമത്തിനപ്പുറം പ്രിയകലാലയത്തിന്റെ കരവലയത്തിൽ ഏറെനേരമിരുന്നും സൗഹൃദം പങ്കിട്ടും ഓർമകൾ പങ്കുവച്ചുമാണ് അവർ പിരിഞ്ഞത്. ഇപ്പോഴത്തെ ജീവിതാന്തസുകളിലേക്ക് അവരെ നയിച്ച കലാലയത്തിന് ഗുരുദക്ഷിണ കണക്കെ ചില ഉപഹാരങ്ങളും അവർ സമ്മാനിച്ചു.
കോളജിലെ 1997-2000 ബികോം ബാച്ച് വിദ്യാർഥികളാണ് കുടുംബമായി സംഗമിച്ച് ശ്രദ്ധനേടിയത്. സ്നേഹക്കൂട്ടിലേക്ക് പൂർവ അധ്യാപകരും മാനേജരും പ്രിൻസിപ്പലുമടക്കമുള്ളവരും എത്തിയത് വലിയ അംഗീകാരവുമായി. സംഗമം ഗേവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പഴയമയുടെ സൗന്ദര്യത്തിലേക്കുള്ള നടത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിച്ചു. മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ, പ്രഫ.ടി.സി. കുര്യാക്കോസ്, ജോർജ് മാത്യു,
ഡോ. അനീഷ് തോമസ്, റോബിൻ എണ്ണംപ്രായിൽ, അബിൻ കുര്യൻ, അനീഷ് കുഴികൊമ്പിൽ, അനീഷ് മേൽവെട്ടം എന്നിവർ പ്രസംഗിച്ചു. രേഖ വിനോദ്, ശോഭ ജയിംസ്, ബിസ്മി ശശി, ജോർജ് തോമസ്, വിമൽരാജ്, ബിൻസി സനോജ്, റിന്നി, വിമല അനീഷ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.