പാലാ: പാലായ്ക്കു നഷ്ടമായ വികസനപ്രവര്‍ത്തനങ്ങളും പ്രതാപവും തിരിച്ചുപിടിക്കുമെന്നും ഇതിനായി പാലായില്‍ യുവജന മുന്നേറ്റം നടക്കുകയാണെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. യൂത്ത് ഫ്രണ്ട് -എമ്മിന്റെ നേതൃത്വത്തില്‍ ഇന്നലെ പാലായില്‍ നടത്തിയ യുവജനമാര്‍ച്ചിന്റെ സമാപനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക വികസനഫണ്ട് ചെലവഴിച്ചുള്ള വികസനത്തില്‍ മാത്രം ഒതുക്കുന്ന പരിപാടികളല്ല വേണ്ടത്. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ഇടപെടലുകളാണ് ഉണ്ടാവേണ്ടത്. പാലായുടെ നഷ്ടപ്രതാപം തിരികെക്കൊണ്ടുവരും. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ പത്തു വര്‍ഷം നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമാണ് കോട്ടയം ഇന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിറഞ്ഞ ഒരു എഡ്യൂക്കേഷന്‍ ഹബ്ബാക്കി മാറ്റപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയില്‍ അധ്യക്ഷത വഹിച്ചു. ഗവണ്മെന്റ് ചീഫ് വിപ്പ് എന്‍. ജയരാജ്, തോമസ് ചാഴികാടന്, പ്രമോദ് നാരായണന് എംഎല്‍എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, സിറിയക് ചാഴികാടന്, പ്രഫ. ലോപ്പസ് മാത്യു, സാജന് തൊടുക, ടോബിന് കെ.അലക്സ്, ബൈജു പുതിയിടത്തുചാലില്‍, ജയിംസ് പൂവത്തോലി എന്നിവര്‍ പ്രസംഗിച്ചു. നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍നിന്നും പാലാ മുനിസിപ്പാലിറ്റിയില്നിന്നുമാണ് യുവജനങ്ങള്‍ പങ്കെടുത്തത്.
കിഴതടിയൂര്‍ ബൈപാസില്‍നിന്നു മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആരംഭിച്ച റാലിയില്‍ പ്രത്യേക യൂണിഫോമില്‍ യുജനങ്ങള്‍ അണിനിരന്നു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്‍വശത്തു കൂടി ളാലം പാലം കടന്ന് കുരിശുപള്ളി കവലയിലേക്ക് എത്തിയ റാലിയില്‍ പാര്‍ട്ടി നേതാക്കളും നൂറുകണക്കിന് യുവജനങ്ങളും പങ്കെടുത്തു. യൂത്ത് ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയില്‍, സംസ്ഥാന സെക്രട്ടറിമാരായ സുനില്‍ പയ്യപ്പള്ളി, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പില്‍, മനു തെക്കേല്‍, അവിരാച്ചന് ചൊവ്വാറ്റുകുന്നേല്‍, സച്ചിന് കളരിക്കല്‍, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.