തൃശൂർ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ലയൺസ് ഡിസ്ട്രിക്ട് 318 ഡിയുടെ ആഭിമുഖ്യത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനഭൂമികളിൽ 25,000 സീഡ്ബോളുകൾ വർഷിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് വാഴാനി അസുരൻകുണ്ട് ഡാം പരിസരത്ത് ഡിഎഫ്ഒ രവീന്ദ്രകുമാർ മീണ നിർവഹിക്കും.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില അധ്യക്ഷത വഹിക്കും. മലവേപ്പ്, വാക, അത്തി, അരയാൽ, പുളി തുടങ്ങി പതിനഞ്ചോളം വ്യത്യസ്തമായ വൃക്ഷങ്ങളുടെ വിത്തുകളാണ് സീഡ്ബോളുകളിൽ നിറച്ചിരിക്കുന്നത്. പൂമല, വാഴാനി, അതിരപ്പിള്ളി, മലക്കപ്പാറ, പീച്ചി, ചിമ്മിനി ഡാം, മലമ്പുഴ, അട്ടപ്പാടി, പൂക്കോട്ടുംപാടം, നിലമ്പൂർ തുടങ്ങിയ വനഭൂമികളിൽ 22 ലയൺസ് റീജിയൻ ചെയർമാൻമാരുടെ നേതൃത്വത്തിലായിരിക്കും സീഡ് ബോൾ പദ്ധതി നടപ്പാക്കുക.
പരിസ്ഥിതിദിനമായ ഇന്നു രാവിലെ ലയൺസ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ വിയ്യൂർ ജയിലിൽ അന്പതിനം വ്യത്യസ്തഫലവൃക്ഷങ്ങളടങ്ങുന്ന തോട്ടം നിർമിക്കും. ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിക്കും. മുൻഗവർണർമാരായ ഇ.ഡി. ദീപക്, എം.ഡി. ഇഗ്നേഷ്യസ്, പരിസ്ഥിതി ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ നാരായണൻ ഉണ്ണി, റീജണൽ ചെയർമാൻമരായ പി.എം. രവീന്ദ്രനാഥൻ, പി. മത്തായി എന്നിവർ പങ്കെടുക്കും.