ഒല്ലൂർ ഫൊറോന പള്ളി
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ 307 -ാം തിരുനാളിനു ഫൊ റോനവികാരി ഫാ. വർഗീസ് കുത്തൂർ കൊടിയേറ്റി. ഇതോടനുബന്ധിച്ച് വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. അസി. വികാരിമാരായ ഫാ. അഡ്വിൻ ഐനിക്കൽ, ഫാ. തേജസ് കുന്നംപിള്ളിൽ, ഡീക്കൻ ആഷിസ് പെരുംപുഴയിൽ എന്നിവർ സഹകാർമികരായി. കൈക്കാരന്മാരായ സെബി വല്ലച്ചിറക്കാരൻ, പോൾ കുണ്ടുകുളം, ആന്റണി ചുങ്കത്ത്, റാഫി ചെമ്മണം എന്നിവർ നേതൃത്വം നൽകി.
നടത്തറ പള്ളി
തൃശൂർ: നടത്തറ തിരുഹൃദയ ദേവാലയത്തിലെ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത ഊട്ടുതിരുനാൾ കൊടിയേറ്റം വികാരി ഫാ. നോബി അന്പൂക്കൻ നിർവഹിച്ചു. ഊട്ടുതിരുനാൾ കണ്‍വീനർ ലാസർ കവലക്കാട്ട്, കൈക്കാരൻമാർ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. ഫാ. ബിജു പാണേങ്ങാടന്റെ മുഖ്യകാർമികത്വത്തിൽ മാസാദ്യാചരണവും നടന്നു. 15 നാണ് തിരുനാൾ.
മുണ്ടൂർ പള്ളി
മുണ്ടൂർ: പരിശുദ്ധ കർമലമാതാ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ കപ്പേള തിരുനാളിന്റെ കൊടിയേറ്റവും തിരുശേഷിപ്പുപ്രതിഷ്ഠയും വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ നിർവഹിച്ചു. തുടർന്നുനടന്ന വിശുദ്ധ കുർബാനയ്ക്കും അദ്ദേഹം മുഖ്യകാർമികത്വം വഹിച്ചു. സഹവികാരി ഫാ. സാൽവിൻ കണ്ണനായ്ക്കൽ സഹകാർമികനായിരുന്നു.
വിശുദ്ധ അന്തോണീസിന്റെ കപ്പേളയിൽ ലദീഞ്ഞ്, നൊവേന തിരുക്കർമങ്ങൾക്ക് ഇടവകവികാരി ഫാ. ബാബു അപ്പാടൻ മുഖ്യകാർമികത്വം നൽകി. ട്രസ്റ്റിമാരായ ബെന്നി ജോസഫ്, പി.കെ. മിറാഷ്, സി.എ. പോൾ, ജോഷി വെള്ളറ എന്നിവർ നേതൃത്വം നൽകി. 14,15 തീയതികളിലാണ് തിരുനാൾ.
കക്കാട് കപ്പേള
കുന്നംകുളം: സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ കക്കാട് സെന്റ് ആന്റണീസ് കപ്പേളയിൽ 13 ന് ആഘോഷിക്കുന്ന വിശുദ്ധ അന്തോണീസിന്റെ തിരുനാളിനു കൊടിയേറി. തിരുക്കർമങ്ങൾക്കു ഫാ. ഡോണ്‍ ഡൊമിനിക് എംസിബിഎസ്, ഇടവകവികാരി ഫാ. ഡെയ്സൻ മുണ്ടോപുറം എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ചവരെ രാവിലെ ഇടവകപ്പള്ളിയിൽ തിരുനാളിനൊരുക്കമായി വിശുദ്ധ കുർബാനയും നേർച്ചവിതരണവും വൈകീട്ട് 6.30 ന് സെന്റ് ആന്റണീസ് കപ്പേളയിൽ ലദീഞ്ഞും നൊവേനയും നേർച്ചവിതരണവും ഉണ്ടായിരിക്കും.
തിരുനാൾദിനമായ വെള്ളിയാഴ്ച രാവിലെ 6.30 ന് ഇടവകപ്പള്ളിയിൽ ആഘോഷമായ തിരുനാൾകുർബാനയും തുടർന്നു കപ്പേളയിലേക്കു ബൈക്ക് റാലിയുടെ അകന്പടിയോടെ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. തിരുനാൾകുർബാനയ്ക്കു ഫാ. ലിൻസ് വെട്ടുവയലിൽ കാർമികനാകും. വൈകീട്ട് 6.30 ന് സെന്റ് ആന്റണീസ് കപ്പേളയിൽ ആരാധനയോടെ തിരുനാൾവേസ്പര, കുഞ്ഞന്തോണിമാരുടെ പ്രസുദേന്തിവാഴ്ച, ആഘോഷമായ തിരുശേഷിപ്പുപ്രയാണം, വർണമഴ, നേർച്ചഊട്ട് കിറ്റ് വിതരണം എന്നിവ ഉണ്ടായിരിക്കും.
തിരുനാളാഘോഷങ്ങളുടെ വിജയത്തിനായി ഫാ. ഡെയ്സൻ മുണ്ടോപുറം, സുപ്പീരിയർ സിസ്റ്റർ ബെൻസി, കൈക്കാരൻമാരായ കെ.ജി. ബാബു, പേൾജു ബി. ചുങ്കത്ത്, സി.എൻ. ഇമ്മാനുവൽ, ജനറൽ കണ്‍വീനർ സി.എം. സാംസണ്, ഫ്ലോറൻസ് ലോയ്ഡ്, എം.എൽ. സുനിൽ, എം.എൽ. മാണി, പി.ആർ. സജി, പോയിസ് ജേബി, വി.സി. ജോസി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിച്ചുവരുന്നു.