കൊച്ചി: അന്‍പതാം വർഷത്തിലേക്കടുക്കുന്ന രാജ്യത്തെ മുൻനിര ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് ബ്രാൻഡായ വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പുതിയ ശ്രദ്ധേയ സംരംഭം കാക്കനാട് കിന്‍ഫ്ര-ഇഎംസി പാർക്കിൽ ആരംഭിച്ചു. കന്പനിയുടെ അത്യാധുനിക ഇന്നൊവേഷൻ കാമ്പസിന്റെ ഒന്നാംഘട്ടമാണ് ഇവിടെ ആരംഭിച്ചത്.
120 കോടി രൂപയിലേറെ മുതൽമുടക്കിൽ മൂന്നേക്കറിലായി 1,10,338 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതാണ് പുതിയ കാന്പസ്. ഒന്നാംഘട്ടത്തിൽ അത്യാധുനിക ഇലക്ട്രോണിക്സ് ആർ ആൻഡ് ഡി ലാബുകൾ, ഐഒടി ലാബ്, റിലയബിലിറ്റി ലാബ്, പ്രോഡക്ട് ഡിസൈൻ സ്റ്റുഡിയോ, ലേണിംഗ് സെന്റർ, കൺസ്യൂമർ ഇൻസൈറ്റ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിപണിയിൽ നൂതനമായ രൂപകല്പനയിലും സാങ്കേതികവിദ്യയിലും ഊന്നൽ നൽകി കൂടുതൽ മികവോടെ ഉത്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഇന്നൊവേഷൻ കാന്പസ് സഹായകമാകുമെന്നാണു പ്രതീക്ഷയെന്ന് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നൽകുക വഴി ഉപഭോക്താക്കളുടെ മനസുകളിൽ വിശ്വാസയോഗ്യമായ ബ്രാൻഡായി വി ഗാർഡ് വളർന്നുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ ഗോൾഡ് റേറ്റിംഗിനായുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്നൊവേഷൻ കാന്പസ് നിർമിച്ചിരിക്കുന്നത്. കാന്പസിനുചുറ്റും നൽകിയിരിക്കുന്ന ടെറാകോട്ട പാളികൾ കെട്ടിടത്തിന്റെ ഭംഗി കൂട്ടുന്നതിനുപുറമെ കെട്ടിടത്തിനകത്തേക്കു പ്രവേശിക്കുന്ന വെളിച്ചവും ചൂടും നിയന്ത്രിക്കുന്നതിനും സഹായിക്കും.
സുസ്ഥിര വികസനത്തിന് പ്രാധാന്യം നൽകി റൂഫ്ടോപ്പ് സോളാർ പ്ലാന്റ്, മഴവെള്ള സംഭരണം, ഇവി ചാർജിംഗ് പോയിന്റുകൾ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ക്വാളിറ്റി ടെസ്റ്റിംഗ് എന്നിവയ്ക്കായുള്ള ലാബുകൾക്കു പുറമെ കൊളാബറേറ്റീവ് വർക്ക് സ്പേസുകളും കസ്റ്റമർ എക്സ്പീരിയൻസ് സെന്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇന്നൊവേഷൻ കാമ്പസിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ഉമാ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. വി ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഷീല കൊച്ചൗസേപ്പ്, മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി, ഡയറക്ടറും സിഒഒയുമായ വി. രാമചന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി സെബാസ്റ്റ്യൻ, വി ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടര്‍ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

കൊച്ചി: ഗവേഷണത്തിനും നൂതന സാങ്കേതികവിദ്യകൾക്കും മുൻഗണന നൽകുന്ന വി ഗാർഡിന്റെ പുതിയ ഇന്നൊവേഷൻ കാന്പസ് സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നാണു പ്രതീക്ഷയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ആധുനിക ലാബുകളും സുസ്ഥിര നിർമാണരീതികളും കോർത്തിണക്കിയ കാന്പസ് ഇലക്ട്രോണിക്സ് രംഗത്ത് വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കും. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. വ്യവസായസൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം അത്യാധുനിക സൗകര്യങ്ങളുള്ള ഇത്തരം സംരംഭങ്ങൾ കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കാൻ സഹയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags : Kinfra Innovation Campus VGuard