ജോയിക്കും ആശയ്ക്കും വായനക്കാരുടെ കൈത്താങ്ങ്
Wednesday, April 17, 2019 1:56 PM IST
അപകടത്തിനു പിന്നാലെ ദുരിതത്തിലായ നിർധന കുടുംബത്തിനു കൈത്താങ്ങേകി ദീപിക ഡോട്ട്കോം വായനക്കാർ. കോട്ടയം മോനിപ്പള്ളി ഉറുമ്പനാനിക്കൽ ജോയി മത്തായിക്കും ഭാര്യ ആശയ്ക്കുമാണ് സുമനസുകളുടെ സഹായം ലഭിച്ചത്. ദീപിക ഡോട്ട്കോമിലൂടെ കുടുംബത്തിന്റെ ദുരിതമറിഞ്ഞ വായനക്കാർ നല്കിയ 2,10,000 രൂപ ദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി വർഗീസ് മണക്കലേറ്റ് ആശ ജോയിക്കു കൈമാറി. ദീപിക ഫ്രണ്ട്സ് ക്ലബ് ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിലും ചടങ്ങിനു സാക്ഷിയായി.
മരംവെട്ടുകാരനായിരുന്ന ജോയി ജോലിക്കിടെ മരത്തിൽ നിന്നു താഴെ വീണതോടെയാണ് ആ കുടുംബത്തിൽ ദുരിതങ്ങൾ ആരംഭിച്ചത്. അരയ്ക്ക് താഴേക്ക് തളർന്നു കിടപ്പിലായ ജോയിക്ക് പരസഹായമില്ലാതെ ദൈനംദിന ആവശ്യങ്ങൾ പോലും നിർവഹിക്കാനാവാത്ത അവസ്ഥയാണ്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടുന്ന ജോയിയെ ഷുഗർ, ഹെർണിയ, അപ്പൻഡിസൈറ്റിസ്, ബെഡ് സോർ, യൂറിനറി ഇൻഫക്ഷൻ എന്നിവയും വലയ്ക്കുന്നു.
ഭാര്യ ആശയുടെ ഗർഭപാത്രം നീക്കം ചെയ്തതിനാൽ ഇവർക്ക് ജോലിക്കു പോകാനും സാധിക്കുന്നില്ല. പ്ലസ്ടുവിലും ആറാംക്ലാസിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. ഇവരുടെ തുടർപഠനത്തിനുള്ള പണം കണ്ടെത്താനും കുടുംബത്തിനാകുന്നില്ല. സാമ്പത്തികഞെരുക്കവും മാതാപിതാക്കളുടെ അനാരോഗ്യവും മൂലം പഠനം നിർത്തേണ്ടിവരുമെന്ന അവസ്ഥയിലാണ് ഇവർ.
ഈ സാഹചര്യത്തിൽ ജോയിയുടെ ചികിത്സാ ചിലവിനു പണം കണ്ടെത്താൻ മറ്റൊരു വഴിയും ഇല്ലാത്തതെ വന്നതോടെയാണ് കുടുംബം സുമനസുകളുടെ സഹായം തേടിയത്.