Charity
ഷേർളിക്കും കുഞ്ഞ് അന്നയ്ക്കും കാരുണ്യസ്പർശം
ഷേർളിക്കും കുഞ്ഞ് അന്നയ്ക്കും കാരുണ്യസ്പർശം
Tuesday, May 23, 2017 10:34 PM IST
ലിംഫേഡീമ ബാധിച്ച് ജീവിതം നിസഹായവസ്ഥയിലായ ഷേർഷിക്കും മകൾ അന്നമേരിക്കും ദീപിക വായനക്കാരുടെ കൈത്താങ്ങ്. ഇവരുടെ കുടുംബത്തിന്‍റെ ദുരവസ്ഥ ദീപിക ഡോട്ട്കോം വഴി വായിച്ചറിഞ്ഞ സുമനസുകൾ അകമഴിഞ്ഞ സഹായം നൽകി. വായനക്കാർ നൽകിയ സഹായമായ 1,58,000 രൂപ കോട്ടയത്തെ ദീപിക കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം കുടുംബത്തിന് കൈമാറി. ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ.താർസിസ് ജോസഫ്, ചീഫ് ഫിനാൻസ് ഓഫീസർ എം.എം.ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പുളിക്കത്തോട്ടിൽ ആനക്കുഴി ഈന്തുങ്കൽ മാത്യു പൗലോസിന്‍റെ കുടുംബമാണ് അപൂർവ രോഗം മൂലമുള്ള ദുരിതത്താൽ വലയുന്നത്. മാത്യുവിന്‍റെ ഭാര്യ ഷേർളിയും 11 മാസം പ്രായമുള്ള മകൾ അന്നമേരിയും കാലിൽ നീര് വന്ന് വ്രണം ബാധിച്ച് കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മന്തുവിഭാഗത്തിൽ പെട്ട അസുഖമാണ് ഇരുവരെയും ബാധിച്ചിരിക്കുന്നത്. കാലിൽ നീര് വന്ന് വെള്ളം കെട്ടുന്ന അവസ്ഥയിലാണ് ഇരുവരും. ഇതിനിടെ ഷേർളിയുടെ കാലിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും മുറിവ് പഴുത്ത് വ്രണമായി. 10 വയസാകാതെ കുഞ്ഞിന്‍റെ ശസ്ത്രക്രിയ നടത്താൻ സാധിക്കില്ലെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് കൂടുതൽ ദുരിതങ്ങൾക്ക് കാരണമായി. ദന്പതികൾക്ക് മൂന്നര വയസുള്ള അൽഫോൻസ് എന്ന കുട്ടിയുമുണ്ട്.

അഞ്ച് സെന്‍റ് പുരയിടത്തിൽ പശുവിനെ വളർത്തി ഉപജീവനം കഴിക്കുന്ന മാത്യുവിന് ഭാര്യയുടെയും മകളുടെയും ചികിത്സയും വീട്ടാവശ്യങ്ങളും ഒന്നിച്ചുകൊണ്ടാപോകാൻ കഴിയാത്ത സ്ഥിതിയായി. ഇതേതുടർന്നാണ് മറ്റുള്ളവർക്ക് മുൻപിൽ സഹായം അഭ്യർഥിക്കേണ്ടി വന്നത്. ദുരിതത്തിൽ കൈത്താങ്ങായ എല്ലാവർക്കും മാത്യുവും ഷേർളിയും നന്ദി അറിയിച്ചു.