സഹായങ്ങൾക്കു കാത്തുനിൽക്കാതെ ഗാഥ മടങ്ങി
Friday, December 15, 2017 7:02 AM IST
കോട്ടയം: കുരുന്നുപ്രായത്തിൽ തന്നെ പിടികൂടിയ രോഗത്തോടു പൊരുതിയ ഗാഥ ഒടുവിൽ മരണത്തിനു കീഴടങ്ങി. ബ്രെയിൻ ട്യൂമർ ബാധിച്ചു ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണു പൊൻകുന്നം ചാമംപതാൽ രാരീരംവീട്ടിൽ ഗാഥ(15) മരിച്ചത്.
ചികിത്സാ സഹായം തേടി ഗാഥയുടെ ജീവിതകഥ കഴിഞ്ഞ ദിവസങ്ങളിൽ ദീപിക ഓണ്‍ലൈൻ പ്രസിദ്ധീകരിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുന്‍പാണ് ഗാഥയുടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. ഗാഥയുടെ ചികിത്സയ്ക്കായി ബന്ധുക്കളും നാട്ടുകാരും കുടുംബ സുഹൃത്തുക്കളും കൂടിച്ചേർന്ന് ആറു ലക്ഷം രൂപ സമാഹരിച്ചിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി കൂടുതൽ പണം ആവശ്യമാണെന്നിരിക്കെയാണ് ദീപിക ഡോട്ട്കോം ഗാഥയുടെ വാർത്ത നൽകി വായനക്കാരിൽനിന്നു സഹായം അഭ്യർഥിച്ചത്. നിരവധിപേർ ഗാഥയെ സഹായിക്കാൻ സന്നദ്ധത അറിയിക്കുന്നതിനിടയിലാണ് വേദനകളുടെ ലോകത്തുനിന്നു ഗാഥ യാത്രയാകുന്നത്. തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ ഗാഥയുടെ മൃതദേഹം സംസ്കരിച്ചു.
ഇനി ഗാഥയുടെ ചികിത്സാ ചെലവുകൾക്കായി ദീപിക ചാരിറ്റിയിലേക്കു പണം അയയ്ക്കേണ്ടതില്ല. ഇതുവരെ ഗാഥയ്ക്കായി വായനക്കാർ അയച്ചുനൽകിയ സഹായം പൂർത്തിയാക്കിയ ചികിത്സാ ചെലവുകൾക്കായി കുടുംബത്തിനു കൈമാറി. 1,05,000/ രൂപയുടെ ചെക്കാണ് കുടുംബത്തിന് കൈമാറിയത്.