സിൽജോയ്ക്ക് സഹായപ്രവാഹം; നന്ദിയോടെ കുടുംബം
Saturday, May 5, 2018 11:57 AM IST
ചെറുപ്രായത്തിൽ തന്നെ ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയിരുന്ന യുവാവിന് ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. കണ്ണൂർ കനകക്കുന്ന് മണ്ണാപറമ്പിൽ ജോസഫ്റോസമ്മ ദന്പതികളുടെ മകൻ സിൽജോ ജോസഫാണ് രോഗദുരിതത്തിൽ വായനക്കാരുടെ സഹായം തേടിയത്. സിൽജോയുടെ ദുരിതം അറിഞ്ഞ വായനക്കാർ അകമഴിഞ്ഞ സഹായം നൽകുകയായിരുന്നു.
വായനക്കാർ നൽകിയ സഹായധനം രണ്ടുഘട്ടമായി സിൽജോയ്ക്ക് കൈമാറി. ആദ്യഘട്ടമായി 1,05,770 രൂപ നേരത്തെ നൽകിയിരുന്നു. തുടർ ചികിത്സകൾക്കായി രണ്ടാംഘട്ടത്തിൽ 2,25,622 രൂപ കൂടി സിൽജോയ്ക്ക് നൽകി. ദീപിക കണ്ണൂർ ഓഫീസിൽ വച്ച് റസിഡന്‍റ് മാനേജർ ഫാ.സെബാൻ ഇടയാടിയിലാണ് ചെക്ക് കൈമാറിയത്.
ഏഴ് വർഷം മുൻപായിരുന്നു സിൽജോ എന്ന നിർധന യുവാവിനെ വൃക്കരോഗം വീഴ്ത്തിയത്. പനി വന്ന് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ചികിത്സിയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് വൃക്കയുടെ പ്രവർത്തനത്തെ സംബന്ധിച്ച് ഡോക്ടർ സംശയം പ്രകടിപ്പിച്ചത്. തുടർന്നു നടത്തിയ വിദഗ്ധ പരിശോധനയിൽ സിൽജോയുടെ ഒരു വൃക്ക ചുരുങ്ങി തീർന്ന് പ്രവർത്തനം നിശ്ചലമായതായി ഡോക്ടർമാർ വിധിയെഴുതി. ദുരന്തം വിട്ടുമാറാതെ രണ്ടാമത്തെ വൃക്കയേയും രോഗം ബാധിച്ചതോടെ സിൽജോയുടെ മുന്നോട്ടുള്ള ജീവിതം ദുരിതപൂർണമായി. മൂത്രം കെട്ടിനിന്ന് വൃക്ക നീരുവച്ചതിനെ തുടർന്ന് രണ്ടാമത്തെ വൃക്കയുടെയും പ്രവർത്തനവും നിലച്ചു.
ഡയാലിസിസ് പോലുള്ള ചികിത്സകൾ കൊണ്ട് ഫലമില്ലെന്നും വൃക്കമാറ്റിവയ്ക്കൽ ചികിത്സയിലൂടെയെ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയൂ എന്നും ഡോക്ടർമാർ വിധിയെഴുതി. തുടർന്നാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർ ചികിത്സയിലാണ് യുവാവ്. പ്രാർഥനകൾക്കും സഹായങ്ങൾക്കും സിജോയും കുടുംബവും നന്ദി രേഖപ്പെടുത്തി.