കാര്‍ഷിക വിപണനകേന്ദ്രങ്ങളുടെ ശക്തീകരണത്തിനായി ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ അവലോകനയോഗം ജില്ലാ പഞ്ചായത്തംഗം ജോസ്മ
കുറവിലങ്ങാട്: ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനിൽ കാർഷിക വിപണനകേന്ദ്രങ്ങളുടെ ശക്തീകരണത്തിന് 30 ലക്ഷം രൂപ. ജില്ലയിൽ ആദ്യമായി ഇത്തരത്തിൽ നടപ്പിലാക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ അവതരിപ്പിച്ചു. കൃഷിവകുപ്പിന്റെയും വിഎഫ്പിസികെയുടെയും നിയന്ത്രണത്തിലുള്ള എല്ലാ കര്‍ഷക ഗ്രൂപ്പുകളുടെയും കാര്‍ഷികവിപണന കേന്ദ്രങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഈ നൂതന പദ്ധതി നേട്ടമാകും. പദ്ധതിക്ക് ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരം ലഭിച്ചതോടെ നടപടികൾക്കും തുടക്കമായി.
വിവിധ കര്‍ഷകസംഘങ്ങളുടെ വിപണനകേന്ദ്രങ്ങളുടെ നടത്തിപ്പിന് ആവശ്യമായി വരുന്ന തുകയുടെ 50 ശതമാനം തുക ജില്ലാ പഞ്ചായത്തില്‍നിന്ന് ഈ പദ്ധതിയിലൂടെ അനുവദിക്കും. വിപണനകേന്ദ്രങ്ങളുടെ കെട്ടിടവാടക, ജീവനക്കാരുടെ വേതനം, വൈദ്യുതി ചാര്‍ജ്, വിപണന കേന്ദ്രത്തിന് ആവശ്യമായ ഉപകരണങ്ങള്‍, കംപ്യൂട്ടറൈസ്ഡ് ബില്ലിംഗ് സംവിധാനം, ശീതികരണ സംഭരണ സംവിധാനം എന്നിവയ്ക്കായി ഒരു വര്‍ഷം ഒരു വിപണനകേന്ദ്രത്തിന് ആവശ്യമായിവരുന്ന തുകയുടെ 50 ശതമാനം തുക ഈ പദ്ധതി പ്രകാരം ലഭ്യമാക്കാനാകും.
വിഎഫ്പിസികെയുടെ നിയന്ത്രണത്തിലുള്ള വയലാ, വെമ്പള്ളി, കുര്യം, തോട്ടുവാ, മണ്ണയ്ക്കനാട്, തെക്കുംമുറി എന്നീ സ്വാശ്രയ കര്‍ഷക വിപണികള്‍ക്കും കൃഷിവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കുറുപ്പന്തറ ലേല മാര്‍ക്കറ്റിനും മാന്‍വെട്ടം ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിക്കും കാണക്കാരിയില്‍ പ്രവര്‍ത്തിക്കുന്ന ഡികെഎഫ് അഗ്രി പ്രോഡക്ട്സ് ആൻഡ് സര്‍വീസ് കമ്പനിക്കുമാണ് പദ്ധതിയുടെ പ്രയോജനം ഒന്നാം ഘട്ടമായി ലഭിക്കുന്നതെന്ന് ജോസ്മോൻ മുണ്ടയ്ക്കൽ അറിയിച്ചു.
കര്‍ഷക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പച്ചക്കറി, കിഴങ്ങുവര്‍ഗ വിളകള്‍, വാഴ എന്നിവയ്ക്കും ഈ പദ്ധതിയുടെ ഭാഗമായി ധനസഹായം നല്‍കുന്നതാണ്. പന്തലുള്ള പച്ചക്കറികള്‍ക്ക് ഹെക്ടറിന് 27,000 രൂപയും പന്തലില്ലാത്തതിന് 22,000 രൂപയും നല്‍കുന്നതാണ്. കപ്പ ഉള്‍പ്പടെയുള്ള കിഴങ്ങുവര്‍ഗ വിളകള്‍ക്ക് ഹെക്ടറിന് 20,000 രൂപയും വാഴയ്ക്ക് ഹെക്ടറിന് 30,000 രൂപയും ഈ പദ്ധതി പ്രകാരം കര്‍ഷക ഗ്രൂപ്പുകളിലൂടെ കൃഷിക്കാര്‍ക്ക് ലഭ്യമാകുന്നതാണ്. പദ്ധതിയുടെ നിര്‍വഹണം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കര്‍ഷകഗ്രൂപ്പുകളുടെ പ്രതിനിധികളുടെയും യോഗം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രന്, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.
Tags :