പ്രതീകാത്മക ചിത്രം
നിലന്പൂർ: കുട്ടി ഡ്രൈവർമാർക്ക് കടിഞ്ഞാണിടാൻ സ്പെഷ്യൽ ഡ്രൈവുമായി മോട്ടോർ വാഹന വകുപ്പ്. നിലന്പൂർ മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വ്യാപകമായി ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കുന്നത്.
റോഡുകൾ, കോളജുകൾ. സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർ മഫ്ത്തിയിൽ നിരീക്ഷണം നടത്തും. 18 വയസിന് താഴെ പ്രായമുള്ളവർ വാഹനങ്ങൾ ഓടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ വാഹനം പിടിച്ചെടുക്കുന്നതിനൊപ്പം 25,000 രൂപ പിഴ ഈടാക്കും. കൂടാതെ ആർസി ഉടമയ്ക്കെതിരേ കേസെടുക്കും. പ്രായപൂർത്തിയാകാത്ത കുട്ടി ഡ്രൈവർമാരെ ജുവൈനൽ ജസ്റ്റീസിന് മുന്പാകെ ഹാജരാക്കും.
18 വയസിന് താഴെയുള്ളവർ വാഹനം ഓടിക്കുന്നത് പിടിച്ചാൽ 25വയസിൽ മാത്രമേ പിന്നീട് ലൈസൻസ് ലഭിക്കൂ. പ്രായപൂർത്തിയാകാത്ത മക്കൾ വാഹനം ഓടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളാണ്. പ്രായപൂർത്തിയാകാത്ത നിരവധി വിദ്യാർഥികൾ സ്കൂളുകളിലേക്ക് എത്തുന്ന സാഹചര്യമുള്ളതിനാൽ രാവിലെയും വൈകുന്നേരവും സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണം തുടരും.
കൗമാരക്കാർ വാഹനങ്ങൾ ഓടിച്ചുണ്ടാക്കുന്ന അപകടങ്ങൾ സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശ പ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നിലന്പൂർ ജോയിന്റ് ആർടിഒ ഡ്രൈവ് നടത്തുന്നത്.
മോട്ടോർ വാഹന വകുപ്പിന് പുറമേ പൊലിസും കൗമാരക്കാരുടെ ഡ്രൈവിംഗിന് തടയിടാൻ പരിശോധന തുടങ്ങിയിട്ടുണ്ട്.
Tags :