പറമ്പിക്കുളം- ആളിയാർ ജലസംരക്ഷണ സമിതി പ്രവർത്തകർ ചർച്ചയിൽ
ചിറ്റൂർ: പറമ്പിക്കുളം ഡാമിൽനിന്ന് തിരുമൂർത്തി ഡാമിലേക്ക് കൊണ്ടുപോകുന്നതിനായി കോണ്ടൂർ കനാൽ വഴി തിരിച്ചുവിടുന്ന നിലവിലെ ജലവിതരണ സംവിധാനത്തിൽ കേരളത്തിന് അർഹമായ വിഹിതം ഉറപ്പാക്കണമെന്ന് പറമ്പിക്കുളം- ആളിയാർ ജലസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ സംയുക്ത ജലക്രമീകരണ ജോയിന്റ് ഡയറക്ടർക്ക് സമിതി നിവേദനം നൽകി. പറമ്പിക്കുളം- ആളിയാർ കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ രീതിയിലാണ് നിലവിലെ ജലവിതരണം നടക്കുന്നതെന്ന ആശങ്കയും സമിതി ഉന്നയിച്ചു.
തിരുമൂർത്തി ഡാമിലേക്ക് ജലം എത്തിക്കുന്നതുപോലെതന്നെ ആളിയാർഡാം വഴി കേരളത്തിലേക്കും അർഹമായ ജലം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് സമിതിയുടെ പ്രധാന ആവശ്യം. കരാർ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഇരു സംസ്ഥാനങ്ങൾക്കും അർഹമായ ജലവിഹിതം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പറമ്പിക്കുളം- ആളിയാർ ജലസംരക്ഷണ സമിതി ചെയർമാൻ അഡ്വ. ശിവശങ്കരൻ, വൈസ് ചെയർമാൻ എ.കെ. ഓമനക്കുട്ടൻ, കെ.കെ. സുരേന്ദ്രൻ, അതിരഥൻ, എസ്.ആർ. അരുൺകുമാർ, അസീസ്, ഭരതരാജ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Tags :