കൊച്ചി സിറ്റി പൊലിസ് കമ്മിഷണറായി ചുമതലയേല്‍ക്കാനെത്തിയ ആര്. നിശാന്തിനിയെ ഡിസിപി മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.
കൊച്ചി: കൊച്ചി നഗരത്തില്‍ അനധികൃത സ്പാകള്‍ക്കെതിരെ പൊലിസ് നടത്തുന്ന പരിശോധന ഓപ്പറേഷന് സ്പാ തുടരുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ആര്. നിശാന്തി. എറണാകുളം സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസില്‍ സ്ഥാനമേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ചേരാനല്ലൂര്‍ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വീഴ്ചയെത്തുടര്‍ന്ന് മുന്‍ സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാറിനെ മാറ്റിയതിനെ തുടര്‍ന്നാണ് ദക്ഷിണ മേഖലാ ഐജിയായി പ്രവര്‍ത്തിച്ചിരുന്ന ആര്. നിശാന്തിനി കൊച്ചി സിറ്റിയിലെ ആദ്യ വനിത പൊലിസ് കമ്മിഷണറായത്.
സ്ത്രീ സുരക്ഷയ്ക്കായുള്ള സ്പീക്ക് അപ്പ് കാമ്പയിന് ശക്തമാക്കും. സ്ത്രീകള്‍ക്ക് എന്തു പ്രശ്നവും ഏതു സമയത്തും തുറന്നുപറയാനുള്ള ധൈര്യം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏതു സമയത്തും സ്ത്രീക്ക് നീതി നടപ്പാക്കാന്‍ കൂടെയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. മദ്യത്തിനും മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കും. കൊച്ചി നഗരത്തിലെ ട്രാഫിക് പ്രശ്നം ജനപങ്കാളിത്തതോടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ആര്. നിശാന്തിനി പറഞ്ഞു.
പൊലിസിന് നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ ശക്തമായി നേരിടും. നിയമപാലകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്നതിന് അര്‍ഥം ശക്തമായ ക്രമസമാധാന സംവിധാനം ഇല്ലെന്നാണ്. അത്തരം അവസ്ഥയുണ്ടാകാന്‍ കേരള പൊലിസ് അനുവദിക്കില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ പത്ത് ദിവസത്തിനിടെ പൊലിസിനെതിരെ മൂന്ന് ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. പതിനഞ്ച് ദിവസത്തിനിടെ കൊച്ചി സിറ്റി പൊലിസിലെ ഏഴ് പൊലിസുകാര്‍ സസ്പെന്ഷനിലായതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ കമ്മിഷണര്‍ ഒഴിഞ്ഞു മാറി.
അതേസമയം, കൊച്ചി സിറ്റി പൊലിസിന്റെ പ്രതിച്ഛായയ്ക്കു തന്നെ മങ്ങലേറ്റ ചേരാനല്ലൂര്‍ വാഹനാപകട കേസ് ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ പൊലിസ് വീഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പഠിച്ച ശേഷം പ്രതികരിക്കാമെന്നും അവര്‍ വ്യക്തമാക്കി.
Tags :