സിറ്റി പൊലിസ് കമ്മിഷണര്‍ സ്ഥാനം ഒഴിയുന്നതിനു മുന്‍പ് കമ്മിഷണര്‍ ഓഫീസ് അങ്കണത്തില്‍ നിന്ന് അവസാന ജനറല്‍ സല്യൂട്ട് സ്വീകരിക്കുന്ന എസ്. കാളിരാജ് മഹേഷ്കുമാര്‍
കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന് ഓടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവായ അഡിഷണല്‍ ജില്ലാ ജഡ്ജിയോ മറ്റാരെങ്കിലുമോ ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് തന്നെ വിളിച്ചിട്ടില്ലെന്ന് മുന്‍ സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാര്‍. ഇതുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം തുറന്നുപറയുന്നത്. ഇക്കാര്യം പറയാന്‍ തനിക്ക് മറ്റൊരു വേദി ഇനി കിട്ടില്ല. സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ താന്‍ ആക്ടീവ് അല്ലെന്നും അദ്ദേഹം പറഞ്ഞു.
ചേരാനല്ലൂര്‍ അപകടത്തില്‍ കേസെടുക്കുന്നതിലും വകുപ്പുകള്‍ ചേര്‍ക്കുന്നതിലും പൊലിസിനുണ്ടായ വീഴ്ചയെത്തുടര്‍ന്നാണ് കാളിരാജ് മഹേഷ്കുമാറിനെ ആഭ്യന്തര വകുപ്പ് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്നു മാറ്റിയത്. മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
എന്നാല്‍, തന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. തന്നെ ആരെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്തന്നെ താന്‍ ഫോണ്‍ എടുത്തിട്ടില്ല. സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ ദേശീയ മാധ്യമങ്ങള്‍ വരെ വാസ്തവ വിരുദ്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വിഷമം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.
യഥാര്‍ഥ കാരണങ്ങള്‍ മേല്‍ ഉദ്യോഗസ്ഥരെ ധരിപ്പിച്ചില്ലേയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. അപകടം വിവരം ചേരാനല്ലൂര്‍ പൊലിസ് സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ അറിഞ്ഞപ്പോള്‍ തന്നെ കഴിയാവുന്നത്ര തെളിവുകള്‍ ശേഖരിച്ച് അന്വേഷണത്തിലേക്ക് കടക്കാനാണ് നിര്‍ദേശിച്ചത്. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ, സാക്ഷികള്‍, സിസിടിവി ദൃശ്യങ്ങളുടെ ശേഖരണം എന്നിവയെല്ലാം നിര്‍ദേശിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ കേസില്‍ സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ലഭ്യമല്ലായിരുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ആരെങ്കിലും വിളിച്ചാല്‍ തന്നെ അതിന് വഴങ്ങുന്ന ആളല്ല താനെന്നും കാളിരാജ് മഹേഷ്കുമാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരന് ആയതിനാല്‍ ട്രാന്‍സ്ഫര്‍ ജീവിതത്തിന്റെ ഭാഗമാണ്. അതില്‍ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി സിറ്റി പൊലിസ് കമ്മിഷണറായി എസ്. കാളിരാജ് മഹേഷ്കുമാര്‍ കഴിഞ്ഞ ജനുവരി 21നാണ് ചുമതലയേറ്റത്. 1.25 കോടി രൂപയുടെ ക്യാപിറ്റലിക്സ് ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്, മോഡലിംഗിന്റെ മറവിലെ മനുഷ്യക്കടത്ത്, കളമശേരി കൂട്ടബലാത്സംഗക്കേസ്, ഓപ്പറേഷന് തൂഫാന് പ്രവര്‍ത്തനങ്ങള്‍, മോര്‍ഫിംഗ് കേസ് എന്നിവയ്ക്ക് തുമ്പുണ്ടാക്കാന്‍ കാളിരാജ് മഹേഷ്കുമാറിന് സാധിച്ചു.
Tags :