ഇന്നലെ കളക്ടറേറ്റ് ചേംബറിൽ നടന്ന ചിറ്റൂർപുഴ പദ്ധതി ഉപദേശക സമിതി യോഗം.
ചിറ്റൂർ: ചിറ്റൂർപ്പുഴ പദ്ധതിയുടെ 2026ലെ രണ്ടാംവിളയുമായി ബന്ധപ്പെട്ട ജലലഭ്യതാ വിഷയം ചർച്ച ചെയ്യാൻ ജില്ലാ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ പദ്ധതി ഉപദേശകസമിതി യോഗം ചേർന്നു.
അഡ്വ. സുമേഷ് അച്യുതൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കെ. സുധീർ, എക്സിക്യുട്ടിവ് എൻജിനിയർ കിരൺ എബ്രഹാം തോമസ്, സംയുക്ത ജലക്രമീകരണ ബോർഡ് ജോയിന്റ് ഡയറക്ടർ സജി സാമുവൽ, ഡെപ്യൂട്ടി ഡയറക്ടർ സാജിത, പ്രിൻസിപ്പൽ കൃഷി ഓഫീസർ അറുമുഖ പ്രസാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർമാരായ വി.ആർ. അനീഷ്, എ.കെ. രശ്മി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, പദ്ധതി ഉപദേശക സമിതി അംഗങ്ങൾ, മറ്റ് വകുപ്പുദ്യോഗസ്ഥർഎന്നിവർ പങ്കെടുത്തു.
രണ്ടാംവിള കൃഷിക്കാവശ്യമായ വെള്ളം പറമ്പിക്കുളം- ആളിയാർ പദ്ധതിയിൽനിന്ന് ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനായി പത്തുദിവസത്തിനകം സംയുക്ത ജലക്രമീകരണ ബോർഡിന്റെ അടിയന്തര വിളിച്ചുചേർക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു. യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലേ ജലലഭ്യത സംബന്ധിച്ച് അന്തിമമായ വ്യക്തത വരൂ എന്ന് എംഎൽഎ പറഞ്ഞു.
ബോർഡ് തീരുമാനം ഉടൻ മുഖ്യമന്ത്രിയുടെശ്രദ്ധയിൽപ്പെടുത്തി തമിഴ്നാട് സർക്കാരുമായി അടിയന്തരമായി ഇടപെടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർഅറിയിച്ചു.
ജലലഭ്യത ഉറപ്പാക്കാൻ കഴിയാത്തതിനാൽ കർഷകർക്ക് രണ്ടാംവിള കൃഷി ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ, കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും യോഗം ചർച്ച ചെയ്ത് തീരുമാനിച്ചു.
Tags :