ഭിന്നശേഷിക്കാര്‍ സഹകരണ ഭവന് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോള്‍.
കോഴിക്കോട്: എരഞ്ഞിപ്പാലം സിറ്റി വനിതാ കോ-ഓപറേറ്റീവ് സൊസൈറ്റി പൂട്ടിപ്പോയതിനെ തുടര്‍ന്ന് നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ട് മുതിര്‍ന്ന ഭിന്നശേഷിക്കാരും രക്ഷിതാക്കളും സഹകരണ ഭവനിലേക്ക് മാര്‍ച്ച് നടത്തി.എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന മുതിര്‍ന്ന വ്യക്തികളുടെ തൊഴില്‍ പരിശീലന കേന്ദ്രമായ യുഎല്‍ കെയര്‍ നായനാര്‍ സദനത്തിലെ ട്രെയിനികളും അവരുടെ രക്ഷിതാക്കളുമാണ് പ്രിന്‍സിപല്‍ പി. തങ്കമണിയുടെ നേതൃത്വത്തില്‍ പുതിയറയിലുള്ള സഹകരണ ഭവന് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്.
2015ല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന 18 വയസിനു മുകളിലുള്ളവരുടെ പുനരധിവാസം ലക്ഷ്യമിട്ട് എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചത്. ദിവസേന പരിശീലനത്തിനെത്തുന്നവരും ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമായി മുന്നൂറിലധികം പേര് നിലവില്‍ ഈ കേന്ദ്രത്തിലുണ്ട്. ഇവര്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് അധ്വാനിച്ചുണ്ടാക്കിയ വേതനമാണ് തൊട്ടടുത്തുള്ള സിറ്റി വനിത സഹകരണ സൊസൈറ്റിയില്‍ നിക്ഷേപിച്ചിരുന്നത്.
അതേസമയം പ്രശ്നപരിഹാരത്തിനായി കഴിഞ്ഞമാസം സിറ്റി വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡെപ്പോസിറ്റര്‍മാരുടെ പൊതുയോഗ തീരുമാനപ്രകാരം പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് നിലവിലെ ജോയിന്റ് രജിസ്ട്രാര്‍ കെ. ഷീജ അറിയിച്ചു. എന്നാല്‍, ഈ പൊതുയോഗത്തെക്കുറിച്ച് ഭിന്നശേഷിക്കാരെ അറിയിച്ചില്ലെന്ന ആരോപണം ഉയര്‍ന്നതോടെ, മുന്‍ഗണനാടിസ്ഥാനത്തില്‍ ഭിന്നശേഷി വ്യക്തികളുടെ തുക ആദ്യം തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജോയിന്റ് രജിസ്ട്രാര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി.
സൊസൈറ്റി പൂര്‍ണമായും പൂട്ടിപ്പോയതോടെ 43 ട്രെയിനികളുടെയും മൂന്ന് ജീവനക്കാരുടെയും ഉള്‍പ്പെടെ ഏകദേശം 20 ലക്ഷത്തോളം രൂപ തിരികെ ലഭിക്കാത്തതിനാല്‍ പല കുടുംബങ്ങളും മരുന്നിനുപോലും പണമില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മുമ്പുണ്ടായിരുന്ന ജോയിന്റ് രജിസ്ട്രാര്‍ക്കും പൊലിസിനും പലതവണ പരാതി നല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഒടുവില്‍ നേരിട്ടെത്തി പ്രതിഷേധിക്കേണ്ടി വന്നതെന്ന് പ്രിന്‍സിപല്‍ വ്യക്തമാക്കി.
Tags :