ബസിന്റെ ടയറിലെ തീ വെള്ളം ഒഴിച്ച് കെടുത്തുന്ന തൊഴിലാളി.
നാദാപുരം: സംസ്ഥാന പാതയിൽ പെരിങ്ങത്തൂരിന് സമീപം കായപ്പനച്ചിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ച് റോഡിൽ ഉരസി തീ ഉയർന്നു.നാദാപുരം - തലശേരി സംസ്ഥാന പാതയിൽ കായ്പ്പനച്ചിയിൽ രാവിലെ 9:30 ഓടെയാണ് അപകടം. നാദാപുരത്ത് നിന്ന് തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 18 എഎച്ച് 3537 നമ്പർ റീഗൽ ബസാണ് അപകടത്തിൽ പ്പെട്ടത്. ബസിന്റെ പിൻഭാഗത്തെ വലത് വശത്തെ ടയറാണ് ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിച്ച ടയർ റോഡിൽ ഉരഞ്ഞ് തീ പടരുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.രാവിലെ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർ ബസിൽ നിന്ന് ഉടൻ പുറത്തേക്കിറങ്ങി.അപകടം നടന്ന ഉടൻ യാത്രക്കാരും നാട്ടുകാരും ചേർന്ന് തീ പടരുന്നത് വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു. നാദാപുരം, പാനൂർ എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
Tags :