അതിരമ്പുഴ- പെരുമ്പുഴ കനാൽ റോഡ് അതിരമ്പുഴ മാർക്കറ്റിനു സമീപം ആരംഭിക്കുന്ന ഭാഗം.
അതിരമ്പുഴ: ചന്തക്കടവിൽ ആരംഭിച്ച് ഏറ്റുമാനൂർ - നീണ്ടൂർ റോഡിൽ പെരുമ്പുഴ കലുങ്കിൽ അവസാനിക്കുന്ന കനാൽ റോഡ് എത്രയും വേഗം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ കനാലിനോട് ചേർന്നുള്ള വഴി വികസിപ്പിച്ച് റോഡ് നിർമിക്കണമെന്നത് വർഷങ്ങളായ ആവശ്യമാണ്. ഒമ്പതു വർഷം മുമ്പ് കനാൽ നിർമാണം പൂർത്തിയായതു മുതൽ റോഡിനു വേണ്ടി മുറവിളി ഉയരുന്നതാണ്.
അതിരമ്പുഴയിൽനിന്ന് ഏറ്റുമാനൂർ - നീണ്ടൂർ റോഡിലെ മുണ്ടുവേലിപ്പടിയിലേക്കുള്ള മാർക്കറ്റ് റോഡിൽ എല്ലാ ദിവസവും അതിരൂക്ഷമായ വാഹനക്കുരുക്കാണ് അനുഭവപ്പെടുന്നത്. വീതി കുറഞ്ഞ റോഡ് വികസിപ്പിക്കുന്നത് പ്രായോഗികവുമല്ല.ഈ സാഹചര്യത്തിലാണ് കനാൽ റോഡിന്റെ പ്രസക്തി വർധിക്കുന്നത്.
വെറും 800 മീറ്റർ മാത്രമാണ് കനാൽ റോഡിന്റെ ദൈർഘ്യം. ചന്തക്കുളത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന കനാൽ റോഡിലൂടെ യാതൊരു തടസവുമില്ലാതെ നീണ്ടൂർ റോഡിൽ എത്താനാകും. മുണ്ടുവേലിപ്പടിയിൽ നിന്ന് 300 മീറ്റർ മാത്രം അകലെയാണ് കനാൽ റോഡ് എത്തിച്ചേരുന്ന പെരുമ്പുഴ കലുങ്ക്.
കല്ലറ, നീണ്ടൂർ, വേദഗിരി ഭാഗങ്ങളിൽ നിന്ന് കനാൽ റോഡിലൂടെ എളുപ്പത്തിൽ അതിരമ്പുഴ ടൗണിലെത്തി അമലഗിരി, മാന്നാനം, മെഡിക്കൽ കോളജ് ഭാഗങ്ങളിലേക്ക് പോകാനാകും. അതിരമ്പുഴ മാർക്കറ്റിൽ ലോഡുമായെത്തി കാത്തുകിടക്കേണ്ടി വരുന്ന വാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗത തടസത്തിന് പരിഹാരവുമാകും. ഈ വാഹനങ്ങൾക്ക് നിർദ്ദിഷ്ട കനാൽ റോഡിൽ പാർക്ക് ചെയ്യാനും സാധിക്കും.
Tags :