തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയങ്കണത്തില്‍ നടന്ന സമുദായ ശക്തീകരണ സമ്മേളനത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്കുന്നു.
തുടങ്ങനാട്: ആള്‍ബലം വലിയ സമ്പത്താണെന്ന് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയങ്കണത്തില്‍ നടന്ന സമുദായ ശക്തീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഒന്നിച്ചു നിന്നാലെ സമുദായം വളരുകയുള്ളുവെന്നും ഭിന്നിച്ചു നിന്നാല്‍ തളരുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ പോലും പരസ്പരം സംസാരമില്ലാത്ത ജീവിത ശൈലിയാണ് ഇന്നുള്ളത്. ഇതു മൂലം കുടുംബബന്ധങ്ങള്‍ ശിഥിലമാകുകയാണ്. പുതു തലമുറയെ ലഹരിയില്‍ നിന്നും സാമൂഹ്യ തിന്മകളില് നിന്നും രക്ഷിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണം.
ലോകത്തിന്റെ ചിന്തകളില്‍ ചാരി നിന്നാല്‍ ദൈവത്തിലേയ്ക്ക് വളരാനാകില്ലെന്നും സഭയുടെ തനിമയിലേയ്ക്കും പാരമ്പര്യത്തിലേയ്ക്കും തിരിച്ചു വരണമെന്നും ബിഷപ് പറഞ്ഞു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ടി.ജെ.സിന്ധുറാണി എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍ മോണ്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് ശക്തികരണ മാര്‍ഗ നിര്‍ദേശം നല്കി.
പാസ്റ്ററല്‍ കൗണ്‍സിലംഗം അജിത്ത് പൂവത്തിങ്കല്‍ സമുദായ ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടങ്ങനാട് സെന്റ് തോമസ് ഫൊറോന വികാരി ഫാ.ജോണ്സണ് പുള്ളീറ്റ് സ്വാഗതവും മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന വികാരി ഫാ.ജോര്‍ജ് ചൊള്ളനാല് നന്ദിയും പറഞ്ഞു.
ഫാ. ജീവന് കദളിക്കാട്ടില്‍ അവതാരകനായി. മൂലമറ്റം, തുടങ്ങനാട്, കടനാട് ഫൊറോനകളില്‍ നിന്നായി രണ്ടായിരത്തോളം പേര് സമ്മേളനത്തില്‍ പങ്കെടുത്തു.