തുമ്പിച്ചിയിൽ കൂറ്റൻ പാറ ഉരുണ്ടുവീണ നിലയിൽ.
മൂലമറ്റം: തുമ്പച്ചിയിൽ കൂറ്റൻ പാറ ഉരുണ്ടുവീണു; വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. തുമ്പച്ചി ആനിക്കാട്ട് തോമസിന്റെ വീടിനടുത്താണ് പാറ അടർന്നുവീണത്. വലിയ ശബ്ദം കേട്ട് തോമസ് വീടിനു പുറത്തേക്ക് ഓടിമാറി. വിണ്ടുകീറിയ പാറ തകർന്നു വീഴുകയായിരുന്നു. ദുരന്തനിവാരണ അഥോറിട്ടി അടിയന്തരമായി സ്ഥലം സന്ദർശിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പാറ തെറിച്ചുവീണ സ്ഥലം സുരക്ഷിതമല്ല. സമീപ പ്രദേശം വൻകൊക്കയുമാണ്. പാറ ഇനിയും അടർന്നു വീഴാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഏക്കർ കണക്കിന് കൃഷിസ്ഥലങ്ങളും നിരവധി വീടുകൾക്കും നാശമുണ്ടാകും. അപകടസാധ്യതയുള്ളതിനാൽ അധികൃതർ എത്രയും വേഗം സ്ഥലം സന്ദർശിച്ച് പാറ പൊട്ടിച്ചുനീക്കി അപകടം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags :