ഡോ. മയൂഖയെ തേഞ്ഞിപ്പലം വൈഎംസിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചപ്പോൾ.
തേഞ്ഞിപ്പലം: കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പൊരുതി സാധാരണ മലയാളം മീഡിയം സ്കൂളിൽ പഠിച്ച് മെഡിക്കൽ ബിരുദം സ്വന്തമാക്കി ചേളാരിയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഡോ. മയൂഖ. കൊല്ലം ഇഎസ്ഐ മെഡിക്കൽ കോജിൽനിന്നാണ് മയൂഖ എംബിബിഎസ് പൂർത്തിയാക്കിയത്.
കാലിക്കറ്റ് സർവകലാശാലയിലെ സിഎൽആർ തൊഴിലാളിയായ അച്ഛൻ പരമേശ്വരനും കാക്കഞ്ചേരി കിൻഫ്രയിലെ ഐസ്ക്രീം കമ്പനി ജീവനക്കാരിയായ അമ്മ ഷൈനിമോളും ചേർന്ന് തങ്ങളുടെ ചെറിയ വരുമാനത്തിൽനിന്നാണ് മയൂഖയെ പഠിപ്പിച്ചു വളർത്തിയത്. ചേളാരി പൂതേരി വളപ്പിലാണ് താമസം. സഹോദരൻ മാനസ് എംബിഎ പൂർത്തിയാക്കി മാങ്കാവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്. ചേളാരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് മയൂഖ പത്താം ക്ലാസും പ്ലസ് ടുവും പൂർത്തിയാക്കിയത്.
ഇഎസ്ഐ ക്വാട്ടയിലായിരുന്നു മയൂഖയുടെ എംബിബിഎസ് പഠനം.
ബിരുദത്തിന് ശേഷമുള്ള ഒരു വർഷത്തെ നിർബന്ധിത ബോണ്ട് സർവീസിനായി ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഇഎസ്ഐ ഹോസ്പിറ്റലിലേക്ക് അടുത്ത മാസം മയൂഖ തിരിക്കും. ബോണ്ട് സർവീസിന് ശേഷം മെഡിക്കൽ പി ജി പ്രവേശന പരീക്ഷ എഴുതാനാണ് മയൂഖയുടെ തീരുമാനം.
വൈഎംസിഎ ആദരിച്ചു
തേഞ്ഞിപ്പലം: ഡോ. മയൂഖയെ തേഞ്ഞിപ്പലം വൈഎംസിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ കാലിക്കട്ട് സർവകലാശാല പിആർഒ വി.എ. അഷിത മയൂഖയെ ഷാളണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്ത് നേടിയ ഈ നേട്ടം ഭാവിയിലെ മുന്നേറ്റങ്ങൾക്ക് എപ്പോഴും സഹായകരമാകുമെന്ന് അവർ ആശംസിച്ചു.
പ്രസിഡന്റ് സണ്ണിച്ചൻ പി.ജെ. അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.വി. അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് കെ.എൽ. ആന്റണി, ടി.പി. വർഗീസ്, വനിതാ ഫോറം പ്രസിഡന്റ് മാർഗരറ്റ്, സെക്രട്ടറി സെലീന ഡിക്രൂസ്, ഡോ. മയൂഖ എന്നിവർ പ്രസംഗിച്ചു.
Tags :