കോഴാ സയന്‍സ് സിറ്റിയില്‍ ആണവ ശാസ്ത്ര പ്രദര്‍ശനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കോഴാ: ആണവോർജത്തിന്റെ അനന്ത സാധ്യതകൾ വിളമ്പി കോഴാ സയൻസ് സിറ്റിയിൽ ശാസ്ത്ര പ്രദർശനത്തിന് തുടക്കം. സയന്‍സ് സിറ്റിയെ മികച്ച ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
3.40 കോടി രൂപചെലവിട്ടു നിർമിക്കുന്ന റിംഗ് റോഡിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യങ്ങളും ഇതര സംവിധാനങ്ങളും സജ്ജമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വൈദ്യുതി ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആണവോര്‍ജം ഉള്‍പ്പടെയുള്ള മറ്റു സാധ്യതകള്‍ പ്രയോജനപ്പെടുത്തുത്താവുന്നതാണെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത കല്പാക്കം ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രം(ഐജിസിഎആര്‍) ഡയറക്ടര്‍ ശ്രീകുമാര്‍ ജി. പിള്ള പറഞ്ഞു.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ജെയ്മോന് ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് സിബി മണി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, മിനി മത്തായി, സാം ജോസ് പൈനാപ്പള്ളില്‍, ജോര്‍ജ് ജി. ചെന്നേലില്‍, സയന്‍സ് സിറ്റി സയന്റിഫിക് ഓഫീസര്‍ സുജിത്ത് ബി. കല്ലറ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഐജിസിഎആറിന്റെ സഹകരണത്തോടെ ആറ്റംസ് ഇന്‍ സര്‍വീസ് ഓഫ് നേഷന്‍ എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തിൽ പ്രവേശനം സൗജന്യമാണ്. ആണവ റിയാക്ടര്‍ സാങ്കേതിക വിദ്യ, ഇന്ത്യയുടെ ആണവ ഗവേഷണ മുന്നേറ്റങ്ങള്‍ തുടങ്ങിയവ അടുത്തറിയാൻ അവസരമുണ്ട്. രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പ്രദര്‍ശനം. നാളെ സമാപിക്കും.
Tags :