നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന നിലയിൽ.
വിഴിഞ്ഞം : നിർമാണത്തിലിരുന്ന സ്വകാര്യ സ്കൂൾ കെട്ടിടം കോൺക്രീറ്റിടുന്നതിനിടയിൽ തകർന്നു വീണു. തൊഴിലാളികൾ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. കാഞ്ഞിരംകുളം പികെ എച്ച്എസിനു മുന്നിൽ പണിത കെട്ടിടമാണ് ഇന്നലെ പുലർച്ചെ വൻ ശബ്ദത്തോടെ തകർന്നു വീണത്. കമ്പികളും കോൺക്രീറ്റ് മിക്സിംഗും പരിസരമാകെ നിറഞ്ഞു. ഇന്നലെ അവധി ദിവസമായിരുന്നതിനാൽ വൻ ദുരന്തമൊഴിവായി.
ഏകദേശം അൻപത് മീറ്ററോളം വരുന്ന ഷീറ്റിട്ടമേൽക്കൂരയായിരുന്ന കെട്ടിടത്തെ പുതുക്കിപ്പണിയാനുള്ള അനുമതി പഞ്ചായത്തിൽ നിന്ന് അധികൃതർ നേരത്തെ വാങ്ങിയിരുന്നു. തുടർന്നു കുഴിയെടുത്ത് പില്ലറുകൾ തീർത്ത് കെട്ടിപ്പൊക്കിയ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ കോൺക്രീറ്റിടാനുള്ള ശ്രമം ആരംഭിച്ചിരുന്നു. രാത്രിയിൽ പെയ്ത ശക്തമായ മഴയും പില്ലറുകളുടെ ബലക്ഷയവും കാരണം ഭാരം താങ്ങാനാവാത്ത കോൺക്രീറ്റ് തട്ട് ഒരു ഭാഗത്തേക്കു ചരിഞ്ഞു താഴേയ്ക്കു പതിക്കുകയായിരുന്നു.
അപകടം മനസിലാക്കിയ തൊഴിലാളികൾ ഓടി മാറുന്നതിനിടയിൽ കെട്ടിടം പില്ലറുകൾ കൊപ്പം നിലംപതിച്ചു. 50 മീറ്ററോളം വരുന്ന കെട്ടിടഭാഗത്തിന്റെ പകുതിയോളം തകർന്നതിനാൽ ബാക്കി ഭാഗത്തിനു കാര്യമായ ബലക്ഷയം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ബലക്ഷയ പരിശോധനകൾക്കുശേഷം മാത്രമായിരിക്കും തുടർ നടപടി സ്വീകരിക്കുകയെന്ന് പഞ്ചായത്ത് അധികൃതരും അറിയിച്ചു.
Tags : school building Nattuvishesham DistrictNews DeepikaNews