പ്രതി അജയ് രാജു
ഏറ്റുമാനൂർ: ക്രേസി ഗോപാലൻ സ്റ്റൈലിൽ മോഷണ പരമ്പര നടത്തി നാട്ടുകാർക്ക് തലവേദനയായ കള്ളൻ ഒടുവിൽ പിടിയിൽ. നീണ്ടൂർ പഞ്ചായത്തിലെ ഓണംതുരുത്തിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടുകളിൽനിന്നു വയറിംഗ് കേബിളുകൾ മോഷ്ടിച്ച ഏറ്റുമാനൂർ പുന്നത്തുറ സത്യാലയം വീട്ടിൽ അജയ് രാജു(26)വിനെയാണ് ഏറ്റുമാനൂർ പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയെ പിടികൂടാനുണ്ട്.കഴിഞ്ഞ ഒരു മാസത്തിനിടെ ഓണംതുരുത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഏഴ് വീടുകളിൽ നിന്നാണ് മോഷ്ടാക്കൾ വയറിംഗ് കേബിളുകൾ മോഷ്ടിച്ചത്. വയറിംഗ് പൂർത്തിയാക്കിയ നിലയിലുള്ള വീടുകളിൽ കയറി ഗേജ് കൂടിയ കേബിളുകൾ മുറിച്ചെടുക്കുകയായിരുന്നു. മറ്റ് കേബിളുകൾ മുറിച്ച് നശിപ്പിക്കുകയും ചെയ്തു.
90,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ നഷ്ടം സംഭവിച്ച വീട്ടുടമസ്ഥരുണ്ട്. മോഷണം നടന്ന വീടിന്റെ ഉടമയായ കാഞ്ഞിരപ്പറമ്പിൽ സജി തോമസിന്റെ ബന്ധു നൽകിയ പരാതിയിലാണ് ഏറ്റുമാനൂർ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ 22നാണ് ഇവിടെ മോഷണം നടന്നത്.90,000 രൂപയുടെ നഷ്ടമാണ് സജിക്ക് ഉണ്ടായത്.ഏറ്റുമാനൂർ സിഐ പ്രശോഭ് കെ.കെ.യുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ എസ്എച്ച്ഒ ബിനു വി.എൽ, സിപിഒമാരായ അജിത്ത്, സനീഷ്, അനിൽ, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സമീപ പൊലിസ് സ്റ്റേഷനുകളിലും പ്രതിക്കെതിരേ സമാനമായ കേസുകൾ ഉണ്ടെന്ന് പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോലീസിന് അഭിനന്ദനവുമായി നാട്ടുകാർക്രേസി ഗോപാലന്റെ അവതാരമെന്നായിരുന്നു തങ്ങളുടെ ഉറക്കം കെടുത്തിയ അജ്ഞാത മോഷ്ടാവിനെ നാട്ടുകാർ വിശേഷിപ്പിച്ചിരുന്നത്. സിനിമയിലേതുപോലെ തന്നെ കള്ളനെ പിടിക്കാൻ നാട്ടുകാരും ജാഗ്രതയിലായിരുന്നു. പരാതി ലഭിച്ചതു മുതൽ ഏറ്റുമാനൂർ പൊലിസ് കള്ളനെ പിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ തെളിവെടുപ്പിന് സ്ഥലത്ത് എത്തിച്ചപ്പോൾ മോഷ്ടാവിനെതിരേ രോഷം പ്രകടിപ്പിച്ച നാട്ടുകാർ ഏറ്റുമാനൂർ പൊലിസിനെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
Tags :