പാലാ അല്‍ഫോന്‍സ കോളജ് സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരികള്‍.
പാലാ: കേരളത്തിന്റെ തനിമയാര്‍ന്ന സാംസ്കാരിക പാരമ്പര്യവും ഓണാഘോഷത്തിന്റെ പ്രാധാന്യവും ഇറ്റലിയില്‍നിന്നെത്തിയ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തി പാലാ അല്‍ഫോൻസ കോളജ് സംഘടിപ്പിച്ച കലാവിരുന്ന് ശ്രദ്ധേയമായി. വിദേശ വിനോദസഞ്ചാരികള്‍ക്കായി സംഘടിപ്പിച്ച ടൂറിസ്റ്റ് എന്‍ഗേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കോളജിലെത്തിയ 33 പേരടങ്ങുന്ന ഇറ്റാലിയന്‍ സംഘത്തിനുവേണ്ടിയായിരുന്നു കലാവിരുന്ന്.
ഫാ. മൈക്കിള്‍ വട്ടപ്പലത്തിന്റെ നേതൃത്വത്തില്‍ കോളജ് സന്ദര്‍ശിച്ച സംഘത്തിന് മുന്നില്‍ തിരുവാതിര, മാര്‍ഗംകളി, മോഹിനിയാട്ടം തുടങ്ങി കേരളീയപാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. കലാവിരുന്നിന്റെ അവസാനം ഒരു ഇറ്റാലിയന്‍ ഗാനം വിദ്യാര്‍ഥികള്‍ക്കായി സമര്‍പ്പിച്ചാണ് സഞ്ചാരികള്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.
കേരളത്തിന്റെ തനതു സംസ്കാരവും ഓണത്തിന്റെ പശ്ചാത്തലവും വരുംതലമുറയിലേക്കും വിദേശ രാജ്യങ്ങളിലേക്കും എത്തിക്കുന്നതിനും സഞ്ചാരികള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനും ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു അഭിപ്രായപ്പെട്ടു.
Tags : Nattuvishesham Districtnews Alphonsa College Italian tourists.