പ്രതീകാത്മക ചിത്രം
കോഴിക്കോട്: ജീവന് രക്ഷാദൗത്യവുമായി പോയ ആംബുലന്‍സ് വിഐപി സന്ദര്‍ശനത്തിന്റെ പേരില്‍ തടയുകയും ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തതായി പരാതി. കാരശേരി മുന്‍ പഞ്ചായത്ത് അംഗം കൂടിയായ ആംബുലന്‍സ് ഡ്രൈവര്‍ ഷിഹാബിനെതിരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്തത്.
പൊലിസ് നടപടിക്കെതിരേ ഷിഹാബ് ആഭ്യന്തരമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതി നല്കി. എന്നാല്‍ ഷിഹാബ് പൊലിസ് നിര്‍ദ്ദേശം അവഗണിച്ച് അശ്രദ്ധമായി വാഹനമോടിച്ചെന്നാണ് മെഡിക്കല്‍ കോളജ് പൊലിസിന്റെ നിലപാട്.
ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാരശേരി മുരിങ്ങംപുറായിലെ സ്വകാര്യ ക്രഷര്‍ ജീവനക്കാരനായ കാഞ്ഞിരമുഴി സ്വദേശി ജയന് നടുത്തൊടിക (61)യാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ബൈക്കില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ജയനെ ആദ്യം കെഎംസിടി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഈ യാത്രയ്ക്കിടയിലാണ് തൊണ്ടയാട് വച്ച് ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി പൊലിസ് വാഹനങ്ങള്‍ തടഞ്ഞിട്ടത്. വിഐപിയുടെ വാഹനങ്ങള്‍ കടന്നുപോയ ശേഷവും പൊലിസുകാര്‍ ആംബുലന്‍സ് കടത്തിവിടാന്‍ തയ്യാറായില്ലെന്ന് ഷിഹാബ് പറയുന്നു. രോഗി ഗുരുതരാവസ്ഥയിലാണെന്നു പൊലിസിനെ ധരിപ്പിച്ചിട്ടും ആംബുലന്‍സ് തുറന്നു കാട്ടിയിട്ടും വാഹനം പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് രോഗിയുടെ ജീവന് അപകടത്തിലാകുമെന്ന് കണ്ട് വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ഷിഹാബ് പറഞ്ഞു.
Tags :