പ്രതീകാത്മക ചിത്രം
വെള്ളറട: അമ്പൂരി പഞ്ചായത്തിലെ തൊടു മല വാര്‍ഡില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിനുവിന്റെ വിജയം ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായ ബിജെപി നേതാവ് ശാലിനി നല്കിയ തെരഞ്ഞെടുപ്പ് ഹര്‍ജി കോടതി തള്ളി.
താലൂക്ക് അധികൃതര്‍ നിയമാനുസൃതം നല്കിയ പട്ടികജാതി സംവരണ സര്‍ട്ടിഫിക്കറ്റ് പൂര്‍ണമായും സാധുവാണെന്ന് കണ്ടെത്തിയാണ് നെയ്യാറ്റിന്‍കര കോടതിയുടെ നടപടി. എസ്സി സംവരണ വാര്‍ഡായ തൊടുമലയിലെ സ്ഥാനാർഥിത്വ ത്തിനായി ബിനു വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന് ആരോപിച്ചാണ് ബിജെപി സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചത്. എന്നാല്‍ നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സമഗ്രമായ അന്വേഷണത്തിനും നടപടികള്‍ക്കും ശേഷമാണ് ബിനുവിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നു കോടതി നിരീക്ഷിച്ചു.
നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസര്‍ കോടതിയില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റിന്റെ യോഗ്യതയും രേഖകളും തെളിയിച്ചതോടെ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങള്‍ നിലനിൽക്കാത്തതാണെന്നു കണ്ടെത്തി കോടതി കേസ് തള്ളുകയായിരുന്നു. നിയമപരമായി നിലനില്‍പ്പില്ലാത്ത പരാതിയുമായാണ് ഹര്‍ജിക്കാരി എത്തിയതെന്നും കോടതി വ്യക്തമാക്കി.
എല്‍ഡിഎഫ.് സ്ഥാനാര്‍ഥി ബിനുവിനു വേണ്ടി അഡ്വ. ഡി. വേലായുധന് നായര്‍, അഡ്വ. പി. രമേശന്, അഡ്വ. ആനന്ദ്, അഡ്വ. ജെ.ജെ. റീസ്, അഡ്വ. കുടപ്പനമൂട് ഷംനാദ് എന്നിവർ കോടതിയില്‍ ഹാജരായി.
Tags :