നിർദിഷ്ട അങ്കമാലി-അരൂർ ദേശീയപാത ബൈപാസ് കടന്നുപോകുന്ന ഭാഗം
കൊച്ചി: അങ്കമാലി- അരൂർ ദേശീയപാത ബൈപാസ് പദ്ധതിക്ക്(കൊച്ചി ഔട്ടർ റിംഗ് റോഡ്) കേന്ദ്രാനുമതി ലഭിച്ച് അതിർത്തിക്കല്ലുകൾ സ്ഥാപിച്ചിട്ടും ദേശീയപാത അഥോറിറ്റി (എൻഎച്ച്എഐ) പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിക്കാത്തത് പ്രതിസന്ധിയാകുന്നു. ജില്ലയിലെ വിവിധ വില്ലേജുകളിലായി പദ്ധതിക്ക് ഏറ്റെടുക്കാൻ കല്ലുകൾ സ്ഥാപിച്ച ഭൂമിയുടെ ഉടമകളാണ് സർക്കാരിന്റെ മെല്ലെപ്പോക്കിൽ വെട്ടിലായത്.
നീണ്ടകാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ വൈകിച്ചതാണ് അനുമതി വൈകാനിടയാക്കിയത്. ഇതുമൂലം നേരത്തെ നടത്തിയ ട്രാഫിക് സർവേ റിപ്പോർട്ട് കാലഹരണപ്പെട്ടു. കേന്ദ്രാനുമതിക്ക് ശേഷം പുതുക്കിയ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ബെന്നി ബഹനാൻ എംപിയെ അറിയിച്ചിരുന്നു. വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതുൾപ്പെടെ പൂർത്തീകരിച്ച ശേഷമാണ് കേന്ദ്രാനുമതി ലഭിച്ചത്.
പുനർ വിജ്ഞാപനത്തിന് മുന്നോടിയായി പുതിയ ട്രാഫിക് സർവേ നടത്തിയിരുന്നു. പ്രതീക്ഷിച്ചതിലും വാഹനപ്പെരുപ്പം ഉണ്ടായേക്കാമെന്നും ആറുവരിപ്പാത വന്നാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകില്ലെന്നും സർവേയിൽ വ്യക്തമായതോടെ പാത എട്ടു വരിയാക്കാനും തീരുമാനമെടുത്തതാണ്.നിർദിഷ്ട പാത കടന്നുപോകുന്ന ഭാഗങ്ങളിൽ നിലവിൽ 45 മീറ്ററിൽ സ്ഥാപിച്ചിട്ടുള്ള സ്ഥാപിച്ചിട്ടുള്ള കല്ലുകൾ മാറ്റി സ്ഥാപിക്കാനും ധാരണയായിരുന്നു. ദേശീയപാതയുടെ പാലക്കാട് പ്രോജക്ട് ഡയറക്ടർ ഓഫിസിന്റെ നേതൃത്വത്തിൽ കല്ലുകൾ മാറ്റി സ്ഥാപിച്ച് അതിർത്തി നിർണയിക്കുന്ന ജോലികൾ ഉടൻ തുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.
പദ്ധതിക്കായി ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭൂമികളിൽ മഞ്ഞക്കുറ്റികൾ സ്ഥാപിച്ചതിനാൽ, ഇവിടെ കൃഷിയോ മറ്റു കാര്യങ്ങളോ നടത്താനാവാത്ത സ്ഥിതിയിലാണ് ഭൂവുടമകൾ. സ്വന്തം ഭൂമി വിൽക്കാനോ ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുക്കാനോ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനോ കഴിയാത്ത അവസ്ഥ. ഭൂമി ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ, ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കയും മാനസിക സമ്മർദും വലുതാണ്. എറണാകുളം ജില്ലയിലെ 20 വില്ലേജുകളിലായാണ് ബൈപാസ് പദ്ധതിക്കായി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചത്.
ബൈപാസ് യാഥാർഥ്യമായാൽ അങ്കമാലി, അത്താണി, ആലുവ, കളമശേരി, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂർ എന്നീ ജംഗ്ഷനുകൾ ഉൾപ്പടെ ദേശീയപാതയുടെ ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Tags :