ബാവലി പുഴയിൽ കല്ലും മണ്ണും അടിഞ്ഞുകൂടിയ പ്രദേശത്ത് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
ഇരിട്ടി: മണ്ണും മണലും കല്ലും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെടുകയും മഴക്കാലത്ത് കരകളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്യുന്നുവെന്ന പരാതിയിൽ ബാവലി പുഴയിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പുഴയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം ഇരിട്ടി നഗരസഭയിലെ പയഞ്ചേരി മുടച്ചാൽ മേഖലയിൽ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്.
പേരാവൂർ നിയോജക മണ്ഡലത്തിലെ മലയോര മേഖലകളിലെ പുഴകളിൽ വർഷങ്ങളായി മണ്ണും മണലും കല്ലും അടിഞ്ഞുകൂടി ആഴം കുറഞ്ഞതോടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുന്നതായി നാട്ടുകാർ പറയുന്നു. ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായാൽ പോലും ഒഴുകിയെത്തുന്ന മണ്ണും കല്ലും ഉൾക്കൊള്ളാൻ കഴിയാത്ത സ്ഥിതിയിലാണു പുഴകളെന്നും പരാതിയുണ്ട്. ബാവലി പുഴ ഗതിമാറി ഒഴുകുന്നത് പയഞ്ചേരി മുടച്ചാൽ മേഖലയിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നുണ്ട്. നീരൊഴുക്ക് തടസപ്പെടുന്നതിനെത്തുടർന്ന് വെളിയമ്പ്രയിലെ വീടുകളിൽ മഴക്കാലത്ത് വെള്ളം കയറി നാശനഷ്ടങ്ങളുണ്ടാകുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കർണാടക വനമേഖലയിൽനിന്ന് ഉത്ഭവിക്കുന്ന ബാരാപ്പുഴ, വയനാടൻ മലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന ബാവലി പുഴ, വളപട്ടണം പുഴയുടെ ഭാഗമായ ഇരിട്ടിപ്പുഴ എന്നിവയുടെ വിവിധ ഭാഗങ്ങളിൽ മണ്ണും മണലും കല്ലും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇരിട്ടി നഗരസഭയിലും അയ്യൻകുന്ന്, ആറളം, പടിയൂർ പഞ്ചായത്തുകളിലുമായി പുഴകളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
ഇരിട്ടി നഗരസഭ കൗൺസിലറും ഇരിട്ടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ പി.എ. നസീർ ഇതുസംബന്ധിച്ച് ജലവിഭവ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തലശേരി സെക്ഷൻ മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ മഞ്ജുളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പയഞ്ചേരി മുടച്ചാൽ, ജബ്ബാർകടവ് മേഖലകളിൽ നടത്തിയ പരിശോധനയിൽ ഓവർസിയർമാരായ പ്രൈസി പ്രേം, എൻ.പി. വിശാൽ എന്നിവരും പങ്കെടുത്തു. കൊട്ടിയൂർ മേഖലയിലും സംഘം പരിശോധന നടത്തിയിരുന്നു.
Tags :