സ്വാശ്രയ ഗ്രൂപ്പുകളുടെ സംഗമം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
സുൽത്താൻ ബത്തേരി: നബാർഡിന്റെ ആഭിമുഖ്യത്തിൽ സയൻസ് ടെക്നോളജി എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ (സ്റ്റെർക്ക്) നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സ്വാശ്രയ സംഘങ്ങളുടെ സംഗമവും ശിൽപശാലയും നടത്തി.
നബാർഡിന്റെ വൈദഗ്ദ്യപോഷണ പദ്ധതിയായ എംഇഡിപിയുടെ രണ്ടാംഘട്ട പ്രവർത്തനമായാണ് ശിൽപശാല സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സംസ്കരണ മേഖലയിൽ 12 യൂണിറ്റുകൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ ആരംഭിക്കും. ഇതിനായി പ്രാരംഭ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 17 യൂണിറ്റുകൾക്ക് 15 ദിവസത്തെ പരിശീലനം നൽകി. വിവിധ ഏജൻസികളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബത്തേരിയിൽ നടന്ന ശിൽപശാലയും വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നബാർഡ് ജില്ലാ വികസന മാനേജർ ആർ. ആനന്ദ് മുഖ്യ പ്രഭാഷണം നടത്തി.
ശിൽപശാലയിലെ പാനൽ ചർച്ചകൾക്ക് എ. വിനീഷ് ബാബു, ഡോ. വി.എസ്. ദേവി, എൽ.പി. ബിനു, കെ.കെ. ശ്രീജിത്ത, ജി.എസ്. ശ്രീദേവി, കെ.എം. സെലീന, ശ്രുതി രാജൻ, ടി. ഹുദൈഫ് എന്നിവർ പാനൽ ചർച്ചകൾക്ക് നേതൃത്വം നൽകി. ക്ഷീര വികസന വകുപ്പ് മുൻ ജോയിന്റ് ഡയറക്ടറും ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ട് അഡ്വൈസറുമായ എം. പ്രകാശ് ഭാവി പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. സെറ്റർക്ക് ചെയർപേഴ്സണ് കെ. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണ് പി.ആർ. മധുസൂദനൻ, എക്സിക്യുട്ടീവ് കമ്മിയംഗം കെ.എം. ഷാജി എന്നിവർ പ്രസംഗിച്ചു.
Tags :