കായംകുളം
ആലപ്പുഴ: ദേശീയപാതയിൽ കായംകുളത്ത് ഉയരപ്പാതയും പുത്തൻചന്ത, പൊന്നാംവെളി, കലവൂർ, ചേർത്തല റെയിൽവേ സ്റ്റേഷൻ, പായൽകുളങ്ങര, അരൂർ മെഴ്സി ജംഗ്ഷൻ, ഓച്ചിറ എന്നിവിടങ്ങളിൽ മുൻഗണന അനുസരിച്ച് അടിപ്പാതയും നിർമിക്കാൻ ദേശീയപാത അഥോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ എംപിയുടെ നേതൃത്വത്തിൽ ദേശീയപാത അഥോറിറ്റി അധികൃതരെയും ജില്ലയിലെ എംഎൽഎമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംപി.
ചേർത്തല 11-ാം മൈലിൽ നിർമാണം കഴിഞ്ഞ പാതയിൽ ഗർത്തം രൂപപ്പെട്ടത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേശീയപാത നിർമാണം നടക്കുന്ന എല്ലായിടത്തും സുരക്ഷാ ഓഡിറ്റ് നടത്തണം. ദേശീയപാതയിലൂടെയും സർവീസ് റോഡുകളിലൂടെയും സഞ്ചരിക്കുന്ന ജനങ്ങൾ ഭീതിയിലാണ്.
ദേശീയപാതയിലുടനീളം കൃത്യമായ ഡ്രെയിനേജ് ഉറപ്പുവരുത്തുകയും വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുകയും വേണം. അധിക അടിപ്പാതകൾ, ഫുട് ഓവർ ബ്രിഡ്ജുകൾ എന്നിവയ്ക്കുവേണ്ടിയുള്ള ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ശിപാർശയ്ക്കനുസരിച്ച് തീരുമാനമെടുത്ത് അടിയന്തരമായി നടപ്പാക്കണമെന്ന് എംപി അധികൃതരോട് പറഞ്ഞു.
യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി എം. ലിജു, ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽഎമാരായ ജി. സുധാകരൻ, എ.ഡി. തോമസ്, സി.ആർ. മഹേഷ് എന്നിവർ അതത് മണ്ഡലങ്ങളിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിച്ചു.
ജില്ലാ കളക്ടർ ഷാജി വി. നായർ, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, ദേശീയപാത അഥോററ്റി അംഗം വെങ്കിട്ട രമണൻ, ദേശീയപാത റീജണൽ ഓഫീസർ കേണൽ ജാൻവാസ്, ഡെ. കളക്ടർ (എൽഎഎൻഎച്ച്) ദീലീപ്, പ്രൊജക്ട് മാനേജർമാരായ പി.ഡി. പ്രദീപ് എന്നിവർ പങ്കെടുത്തു.
Tags : elevated highway Nattuvishesham District news