പിഎം റോഡിൽ കൂടൽ ജംഗ്ഷനു സമീപം ഇന്നലെ രാവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടം.
പത്തനംതിട്ട: ശബരിമല തീർഥാടനകാലം പടിവാതിൽക്കലെത്തി നിൽക്കുന്പോഴും പിഎം റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ജില്ലയിൽ എംസി റോഡ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് പിഎം റോഡിലാണ്. ടികെ റോഡിലും കെപി റോഡിലും അപകടങ്ങളുടെ എണ്ണത്തിൽ കുറവില്ല.
ഇന്നലെ രാവിലെ കൂടലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിനടിയിൽപെട്ടാണ് കോളജ് വിദ്യാർഥിയായ ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചത്. കലഞ്ഞൂർ ഐഎച്ച്ആർഡി കോളജ് വിദ്യാർഥി കോന്നി ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. രാവിലെ കോളജിലേക്ക് പോകുകയായിരുന്ന കൃഷ്ണനന്ദുവിന്റെ ബൈക്കിന് മുന്നിലേക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികൻ പെട്ടെന്ന് ചാടുകയായിരുന്നു. തുടർന്ന് വയോധികനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയില്‍ നിന്ന് വന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് മറിഞ്ഞു. ശബരിമല തീർഥാടന അവലോകനങ്ങൾക്കായി പത്തനംതിട്ടയിലേക്ക് വരികയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
റോഡിന്റെ ഇടതുവശത്തുകൂടി വരികയായിരുന്ന ബൈക്കിനു മുന്നിലേക്ക് എത്തിയ വയോധികനെ ഇടിച്ചപ്പോൾ നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന കാറിനടിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കൃഷ്ണനന്ദു തൽക്ഷണം മരിച്ചു. അപകടം നടന്നയുടൻ കൂടല്‍ പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
അമിതവേഗം അപകട കാരണം
പുനർനിർമിച്ച പിഎം റോഡിൽ വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങൾക്കു കാരണമാകുന്നത്. റോഡിൽ തടസങ്ങളൊന്നുമില്ലാത്തതിനാൽ ബസുകളടക്കം അമിതവേഗത്തിലാണ് പായുന്നത്. ഇതോടെ പെട്ടെന്ന് ബ്രേക്കിടേണ്ട സാഹചര്യത്തിൽ അപകടങ്ങൾ പതിവാകുന്നു. റോഡരികിലേക്ക് വാഹനങ്ങൾ ഇടിച്ചുകയറിയും കാൽനട യാത്രക്കാരെ ഇടിച്ചുവീഴ്ത്തിയുമുള്ള അപകടങ്ങൾ പതിവായിരിക്കുകയാണ്. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂടി വരുന്പോഴേക്കും അപകടങ്ങളുടെ എണ്ണം കൂടുമോയെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. പിഎം റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതും കുന്പഴ -കോന്നി - പത്തനാപുരം മേഖലയിലാണ്. റോഡ് മുൻപരിചയമില്ലാത്ത വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപെടുന്നവയിലേറെയും.
ആറുമാസത്തിനുള്ളിൽ ജില്ലയിൽ 1512 അപകടങ്ങൾ
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പത്തനംതിട്ട ജില്ലയിൽ 1512 വാഹനാപകടങ്ങളിലായി 136 പേർക്കാണ് ജീവൻ നഷ്ടമായതെന്ന് ജില്ലാ ക്രൈം റിക്കാർഡ് ബ്യൂറോയുടെ കണക്കിൽ പറയുന്നു. ഏറ്റവും കൂടുതൽ അപകടങ്ങൾ തിരുവല്ല പൊലിസ സ്റ്റേഷൻ പരിധിയിൽ എംസി റോഡിലാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം ഇതുവരെയുള്ള കണക്കുകളിൽ അപകടങ്ങളുടെ എണ്ണവും മരണനിരക്കും വളരെ കൂടുതലാണ്. 1581 പേർക്ക് ഇക്കാലയളവിൽ പരിക്കേൽക്കുകയുണ്ടായി.
കഴിഞ്ഞ വർഷം ആകെ 1192 റോഡ് അപകടങ്ങളാണ് ജില്ലയിൽ പൊലിസ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 178 മരണവും 2366 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ഇക്കൊല്ലം ഇതേവരെയുള്ള അപകടങ്ങളിൽ 1100ലും അപകടത്തിൽപെട്ടിരിക്കുന്നത് കാറുകളാണ്. ഇതിൽ തന്നെ 700 അപകടങ്ങളും കാറുകളും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായവയുമാണ്. അപകടങ്ങളിൽ മരിക്കുന്നവരിലേറെയും യുവാക്കളാണ്. കഴിഞ്ഞവർഷം ഉണ്ടായ അപകട മരണങ്ങളിൽ 60 ശതമാനവും 18നും 45നും മധ്യേ പ്രായമുള്ളവരായിരുന്നു.
Tags :