പണി തീരാത്ത കെഎൻജി റോഡിന്റെ ചന്തക്കുന്ന് - വെളിയം തോട് ഭാഗം.
നിലമ്പൂര്‍: മാസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച നിലമ്പൂര്‍ ചന്തക്കുന്നിലെ കെഎന്‍ജി റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാകുമെന്നറിയാതെ പൊതുജനങ്ങളും പൊതുമരാമത്ത് വകുപ്പും. ചന്തക്കുന്ന് ശോഭികക്ക് മുന്‍പില്‍നിന്ന് വഴിക്കടവ് ഭാഗത്തേക്കുള്ള വെളിയന്തോട് വരെയുള്ള, വെറും 1.2 കിലോമീറ്റര്‍ റോഡാണ് അഞ്ച് കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ കരാര്‍. മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്ന നിര്‍മാണപ്രവൃത്തി കാരണം ഈ പാതയിലൂടെയുള്ള യാത്ര അത്യന്തം ദുസഹമായിരിക്കുകയാണ്. രാപകലില്ലാതെ ഈ ഭാഗത്ത് കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡ് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ അനീഷ് ചെമ്പ്രീരി പറഞ്ഞു.
നേരത്തേ റോഡ് വീതികൂട്ടി സമാന്തരമാക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ വീണ്ടും വലിയ കുഴികള്‍ രൂപപ്പെട്ടു. കുഴികളില്‍ ചാടിയും വെട്ടിച്ചുമാണ് വാഹനങ്ങള്‍ നിലമ്പൂരിലേക്ക് കടന്നുപോകുന്നത്. ഇത് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുകയാണ്. ടാറിം് നടത്തുന്നതിന് മുന്‍പായി ഇനി വീണ്ടും മെറ്റലിട്ട് റോഡ് ലെവല്‍ ചെയ്യേണ്ടതുണ്ട്. മഴ മാറിയതോടെ പ്രദേശത്ത് കടുത്ത പൊടിശല്യവുമാണ്. റോഡരികിലെ വ്യാപാരികളും കാല്‍നടയാത്രക്കാരും ബസ് യാത്രക്കാരും ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പൊടി ശല്യം മൂലം വലിയ ദുരിതത്തിലാണ്.
Tags :