അക്രമികളുടെ വെട്ടേറ്റു പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന പ്രദീപ്
നെയ്യാറ്റിന്‍കര: വീടിനു സമീപത്തെ വഴിയില്‍വച്ചു യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചു. യുവാവ് സഞ്ചരിച്ച കാര്‍ തീയിട്ടശേഷം സംഘം രക്ഷപ്പെട്ടു.
അക്രമി സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചു. അമരവിള കണ്ണംകുഴിയില്‍ പ്രദീപിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യക്ക് ഭക്ഷണം വാങ്ങിനല്‍കി തിരികെ വീട്ടിലേയ്ക്കു വരുന്നതിനിടയിലായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വീടിനു സമീപത്ത് അപരിചിതരായ സംഘത്തെ കണ്ടത് പ്രദീപ് ചോദ്യം ചെയ്ത വൈരാഗ്യത്തിലായിരുന്നു ആക്രമണം.
മൂന്നംഗ സംഘം ആയുധമുപയോഗിച്ച് പ്രദീപിന്റെ കഴുത്തിനു നേരെ വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച പ്രദീപിന്റെ കൈയ്ക്ക് മുറിവേറ്റു. തുടർന്ന് അക്രമിസംഘം പ്രദീപിന്റെ കൈകളിലും ശരീരമാസകലവും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. പ്രദീപ് ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ വാഹനം അടിച്ചു തകര്‍ക്കപ്പെട്ടുവെന്നും തീയിട്ടു നശിപ്പിക്കപ്പെട്ടുവെന്നും പൊലിസാണു വിളിച്ചറിയിച്ചതെന്നു പ്രദീപ് വ്യക്തമാക്കി.
Tags :