പേവിഷബാധയെ പ്രതിരോധിക്കുന്നതിനുള്ള കുത്തിവയ്പ്പെടുക്കുന്നു.
വൈക്കം: നഗരത്തിൽ തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. ഇന്നലെ പേവിഷ ബാധയേറ്റ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പശുക്കളും ആടുകളും ചത്ത ആറാട്ടുകുളങ്ങര ഭാഗത്തെ തെരുവ് നായ്ക്കളെയാണ് പിടികൂടി കുത്തിവച്ചത്.
ഇന്നലെ ആറാട്ടുകുളങ്ങരയിലും സമീപപ്രദേശത്തുമായി 28 തെരുവ് നായ്കൾക്ക് കുത്തിവെയ്പ്പ് നടത്തി. ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കുത്തിവയ്പിന് സംഘമെത്തിയപ്പോൾ തന്നെ കുറെയധികം നായ്ക്കൾ ഉൾപ്രദേശത്തേക്ക് ഓടിപ്പോയി. കുത്തിവയ്പ്പു നടത്തിയ നായ്ക്കൾക്ക് അടയാളമിടുന്നുണ്ടെന്നും കടന്നു കളഞ്ഞവയെ അടുത്ത ദിവസങ്ങളിൽ പിടികൂടി കുത്തിവയ്ക്കുമെന്നും അധികൃതർ പറഞ്ഞു.
നഗരത്തിൽ തെരുവ് നായ്ക്കളുടെ വ്യാപനം തടയാൻ അടുത്ത മാസം എബിസി പദ്ധതി നടപ്പാക്കുമെന്ന് നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു.
ഇതിനായി കടുത്തുരുത്തിയിലെ നായയെപിടികൂടി പ്രതിരോധ കുത്തിവയ്പ്പെടുക്കുന്നതിൽ പരിശീലനം നേടിയവരുമായി ചർച്ച നടന്നു വരികയാണെന്നും ചെയർമാൻ പറഞ്ഞു.അപകടകാരികളും പേവിഷ ബാധ ലക്ഷണങ്ങളുള്ള നായ്ക്കളെ സ്ലാബ് മറ തീർത്ത് അതിനുള്ളിൽ തീർക്കുന്ന കൂട്ടിൽ പാർപ്പിക്കും. ഇവയുടെ വിസർജ്യങ്ങൾ ജല സ്ത്രോതസുകളിലും മണ്ണിലും കലരാതിരിക്കാൻ സെപ്റ്റിക് ടാങ്ക് തീർത്ത് മാലിന്യം നിക്ഷേപിക്കും. ഈ പദ്ധതിയും വൈകാതെ യാഥാർഥ്യമാകും.
Tags :