കൊടിക്കുന്നിൽ സുരേഷ് എംപി
എടത്വ: കേരളത്തിലെ പിആര്‍എസ് വായ്പാ സംവിധാനത്തില്‍ സര്‍ക്കാര്‍ സംഭരണവില നല്‍കുന്നതിലെ കാലതാമസം മൂലം നെല്‍കര്‍ഷകരുടെ സിബില്‍ സ്കോര്‍ മോശമാകുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി. എസ്ബിഐ തിരുവനന്തപുരം ലോക്കല്‍ ഹെഡ് ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ കെ.വി. ബംഗാരരാജുവുമായി കൂടിക്കാഴ്ച നടത്തി. നെല്‍കര്‍ഷകരുടെ സാമ്പത്തിക സുരക്ഷയും വായ്പാ യോഗ്യതയും സംരക്ഷിക്കുന്നതിനായി നിലവിലെ പിആര്‍എസ് വായ്പാ സംവിധാനം പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ബിഐ, കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ ഉള്‍പ്പെട്ട ബാങ്ക് കണ്‍സോര്‍ഷ്യമാണ് കേരളത്തില്‍ പിആര്‍എസ് വായ്പകള്‍ നല്‍കുന്നത്. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക സര്‍ക്കാര്‍ സമയബന്ധിതമായി നല്കാത്തതിനാല് വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ കാലതാമസമുണ്ടാകുകയും കര്‍ഷകരുടെ വായ്പാ അക്കൗണ്ടുകളെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
കര്‍ഷകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലാത്ത കാരണങ്ങളാല്‍ അവരുടെ സിബില്‍ സ്കോര്‍ കുറയുന്നതും ഭാവിയില്‍ ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കുന്നതിന് തടസങ്ങള്‍ നേരിടുന്നതും നീതീകരിക്കാനാവില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ സംവിധാനത്തിലെ കാലതാമസത്തിന്റെ സാമ്പത്തിക ഭാരം കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിലവിലെ സാഹചര്യം മാറ്റണം.സര്‍ക്കാര്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട നെല്ല് സംഭരണ ഏജന്‍സി നേരിട്ട് വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന രീതിയില്‍ പിആര്‍എസ് വായ്പാ സംവിധാനം പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
സര്‍ക്കാര്‍ പണമടയ്ക്കുന്നതിലെ കാലതാമസം മൂലം കര്‍ഷകരുടെ വായ്പാ അക്കൗണ്ടുകളില്‍ കുടിശിക രേഖപ്പെടുത്തുന്നതും സിബില്‍ റിപ്പോര്‍ട്ടുകളെ പ്രതികൂലമായി ബാധിക്കുന്നതും ഒഴിവാക്കാന്‍ ബാങ്കുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെല്‍കര്‍ഷകരുടെ സിബില്‍ സ്കോര്‍ മോശമാകുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി എസ്ബിഐ തിരുവനന്തപുരം ലോക്കല്‍ ഹെഡ് ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ കെ.വി. ബംഗാരരാജുവുമായി കൂടിക്കാഴ്ച നടത്തുന്നു.
Tags :