പ്രതീകാത്മക ചിത്രം
കാസർഗോഡ്: ജില്ലാ സ്കൂൾ കലോത്സവം കഴിഞ്ഞിട്ട് ആറുമാസമായി. ഡിസംബറിലും ജനുവരിയിലുമായി മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിന്റെ ഓർമകൾ മനസിൽ സൂക്ഷിച്ച് കുട്ടികൾ പുതിയ അധ്യയനവർഷത്തിലേക്ക് കടന്നു. പലരും സ്കൂൾ മാറി. പുതിയ വർഷത്തെ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. അന്ന് കലോത്സവത്തിന്റെ ചുമതല വഹിച്ച അധ്യാപകരിൽ പലരും സ്ഥലംമാറിപ്പോയി.
പക്ഷേ ഒന്നും മറക്കാതെ ഇപ്പോഴും മൊഗ്രാൽ സ്കൂളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസിലും ജില്ലാ പഞ്ചായത്തിലുമൊക്കെ മാറിമാറി കയറിയിറങ്ങുന്ന ചിലരുണ്ട്. ജില്ലാ കലോത്സവത്തിനായി പന്തലും സ്റ്റേജും ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങളുമൊരുക്കിയ ഉദിനൂർ മാണിയാട്ടെ ശോഭ ഡക്കറേഷൻസ് ജീവനക്കാരും കലോത്സവവേദിയിൽ ഭക്ഷണമൊരുക്കുന്നതിനും മറ്റു ചെറുജോലികൾക്കുമായി കരാർ എടുത്തവരും. ഇവരുടെ പ്രതിഫലം ഇതുവരെയും കൊടുത്തുതീർത്തിട്ടില്ല.
ജർമൻ സംവിധാനത്തിലുള്ള പന്തലും സ്റ്റേജുകളും ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനവും ഒരുക്കിയ വകയിൽ മാത്രം നാലു ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന് ശോഭ ഡക്കറേഷൻസ് ഉടമ ടി.വി. ബാലൻ പറയുന്നു. ഇതിനുവേണ്ടി ഇതിനകം 20 തവണയെങ്കിലും താൻ നേരിട്ട് മൊഗ്രാൽ സ്കൂളിലെത്തി മടങ്ങിയിട്ടുണ്ട്. പണം തരാത്തതിന് ഓരോ തവണയും ഓരോ കാരണങ്ങളാണ് സ്കൂൾ അധികൃതർ നിരത്തുന്നത്. ആ സമയത്ത് ചുമതലയിലുണ്ടായിരുന്ന മുഖ്യാധ്യാപകനും ഇപ്പോൾ സ്ഥലംമാറിപ്പോയി. പ്രശ്നം സംഘാടകസമിതി ചെയർമാനായ എ.കെ.എം. അഷ്റഫ് എംഎൽഎയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാമിന്റെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും അവരും കൈമലർത്തുകയാണ് ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു.
ശോഭ ഡക്കറേഷൻസിനു മാത്രമല്ല, ഭക്ഷണമൊരുക്കിയവർക്കും മറ്റു ചെറുകിട കരാറുകാർക്കുമെല്ലാം തുക നൽകാനുണ്ടെന്ന് സംഘാടകസമിതി ഭാരവാഹികൾ സമ്മതിക്കുന്നുണ്ട്. കലോത്സവത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ മറ്റൊരു സ്കൂളും തയാറാകാതിരുന്ന സമയത്താണ് മൊഗ്രാൽ സ്കൂൾ അതിന് തയാറായത്. ജില്ലാ പഞ്ചായത്തിൽനിന്നും മറ്റു തദ്ദേശസ്ഥാപനങ്ങളിൽ നിന്നും മതിയായ സാമ്പത്തികസഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായൊന്നും ലഭിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകസമിതിയും പിടിഎയും ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങൾക്കും കത്ത് നൽകിയെങ്കിലും അഞ്ച് തദ്ദേശസ്ഥാപനങ്ങളിൽനിന്നു മാത്രമാണ് സഹായം കിട്ടിയതെന്നും അവർ പറയുന്നു.
എന്നാൽ കലോത്സവം കഴിഞ്ഞ് ആറുമാസമായിട്ടും സംഘാടകസമിതി യോഗം ചേരുകയോ വരവുചെലവ് കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ടുതന്നെ കണക്കുകളൊന്നും വ്യക്തമല്ല.
കരാർ പ്രകാരമുള്ള തുക എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നില്ലെങ്കിൽ സംഘാടകസമിതിക്കെതിരായി നിയമനടപടികൾ സ്വീകരിക്കുമെന്നും കുടുംബത്തോടൊപ്പം സ്കൂളിനു മുന്നിലെത്തി സമരം നടത്തുമെന്നും കാണിച്ച് ടി.വി. ബാലൻ മൊഗ്രാൽ സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
Tags : arts festival Nattuvishesham District News