പൊതുസമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
മാവേലിക്കര: രാസലഹരി വില്‍ക്കുകയും അതിന്റെ ഏജന്റന്മാരാകുകയും ചെയ്യുന്ന ആളുകളെ പിടികൂടിയാല്‍ നിയമ നടപടികളിലൂടെ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാവേലിക്കര നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന് തൂഫാന് ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരംഭ ശൂരത്തമല്ല ഈ പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ ലഹരി മാഫിയയുടെ വേരറക്കുന്നതുവരെ കേരള പോലീസ് തൂഫാന് ഓപ്പറേഷന് തുടരും.
കേരളത്തിലെ 20 പോലീസ് ജില്ലകളിലും ലഹരിക്കെതിരേ പോലീസിന്റെ പ്രത്യേക ടീം ഉണ്ടാകും. പോലീസ് നടപടികളുടെ ഭാഗമായുള്ള തൂഫാര്‍ സട്രൈക്ക്, തൂഫാന് വരിയേഴ്സ്, ലഹരിയില്‍നിന്ന് മുക്തമാകുവാന്‍ തൂഫാന് കെയര്‍ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് തൂഫാന് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരേയും തൂഫാന് വാരിയേഴ്സായി പ്രഖ്യാപിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. എം.എസ്.അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര നഗരസഭാ അധ്യക്ഷ ലളിത രവീന്ദ്രനാഥ്, നഗരസഭാ ഉപാധ്യക്ഷന്‍ കെ.ഗോപന്, ഡോ. മാത്യുസ് മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത, സ്വാമി ഗീതാനന്ദ, ഡോ.ആനന്ദരാജ്, അബ്ദുല്‍ വാഹിദ് ആല് ഖാസിമി, സതീഷ് ചെന്നിത്തല, മാവേലിക്കര സിഐ എസ്. സനൂപ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാർ, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാർ തുടങ്ങിയവർ പ്രസംഗിച്ചു. മാവേലിക്കര പുതിയകാവ് മുന്‍സിപ്പല്‍ കോംപ്ലക്സില്‍നിന്ന് ആരംഭിച്ച ജനകീയ റാലി മാവേലിക്കര നഗരം ചുറ്റി താലൂക്ക് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
നഗരസഭാ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ, സിഡിഎസ്, ഹരിതകര്‍മസേന, എസ്പിസി, സൈനിക് സ്കൂള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ റാലിയുടെ ഭാഗമായി.
Tags : Nattuvishesham DistrictNews DeepikaNews Ramesh Chennithala.