ത്രോബോൾ താരം അശ്വതിയുടെ പുളിമ്പറമ്പ് തോട്ടാറന്പിലെ താമസസ്ഥലത്ത് എത്തി ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ് വീടിന്റെ താക്കോൽ കൈമാറുന്നു.
തളിപ്പറമ്പ്: ത്രോബോൾ താരം അശ്വതിക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ സമാധാനത്തോടെ ഉറങ്ങാം. ബാങ്ക് ജപ്തി ചെയ്ത വീട് പണമടച്ച് വീണ്ടെടുത്ത ലുലു ഗ്രൂപ്പ് വീടിന്റെ താക്കോൽ ഇന്നലെ രാവിലെ കുടുംബത്തിന് കൈമാറി. അശ്വതിയും കുടുംബവും കഴിഞ്ഞിരുന്ന വീട് ജപ്തി ചെയ്ത വിവരമറിഞ്ഞ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇവർക്ക് രക്ഷകനാകുകയായിരുന്നു.
ഇന്നലെ രാവിലെ ഏഴോടെ പുളിമ്പറമ്പ് തോട്ടാറന്പിലെ താമസസ്ഥലത്ത് എത്തി ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ലുലു കാലിക്കട്ട് റീജണൽ ഡയറക്ടർ മുഹമ്മദ് ഷെരീഫ് മാട്ടിൽ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, റീജണൽ മാനേജർ എം.കെ. ഷാജി, തളിപ്പറമ്പ് സീനിയർ മാനേജർ മനൂജ് എന്നിവർ വീടിന്റെ താക്കോൽ കൈമാറുകയായിരുന്നു. 35 ലക്ഷം രൂപയാണ് കേരള ബാങ്കിൽ പലിശയും പിഴപ്പലിശയുമായി അടയ്ക്കാനുണ്ടായിരുന്നത്. ബാങ്കുമായി സംസാരിച്ച് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ 22 ലക്ഷം രൂപയാണ് ലുലുഗ്രൂപ്പ് തളിപ്പറമ്പ് കേരള ബാങ്കിൽ കഴിഞ്ഞദിവസം പണമടച്ചത്.
ത്രോബോളില് ഏഴു വർഷത്തോളം സംസ്ഥാന ടീമംഗമായിരുന്നു അശ്വതി. ഭർത്താവ് നിധിൻ, മക്കളായ അകൃത, ആമിയ, ഭർതൃമാതാപിതാക്കളായ തോമസ്, ആരംഭൻ സുനില എന്നിവർ താമസിച്ചിരുന്ന വീടാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കേരള ബാങ്ക് ജപ്തി ചെയ്ത് അടച്ചുപൂട്ടി സീൽ ചെയ്തിരുന്നത്. ഇതേത്തുടർന്ന് വീടിനു സമീപത്തെ ഒറ്റ മുറി ഷെഡിലായിരുന്നു ആറംഗ കുടുംബം ദയനീയാവസ്ഥയിൽ കഴിഞ്ഞു വന്നിരുന്നത്. വീട് നിർമിക്കാനായെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതായിരുന്നു ജപ്തിയിലേക്ക് എത്തിയത്.
Tags : Lulu Group hands over the key Nattuvishesham DistrictNews