വെള്ളരിക്കുണ്ട്: പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കുമ്പോൾ കണ്ണൂരിനു വടക്കും കേരളമുണ്ടെന്ന കാര്യം റെയിൽവേ അധികൃതർ മറന്നുപോവുകയാണെന്ന് ജില്ലയിലെ ജനപ്രതിനിധികൾ പലതവണ ആവർത്തിക്കാറുണ്ട്.
പക്ഷേ കുടിയേറ്റ മേഖലകളിലെ ജനങ്ങളുടെ നിരന്തരമായ ആവശ്യം മാനിച്ച് വേളാങ്കണ്ണിയിലേക്ക് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സർവീസ് സർവീസ് അനുവദിച്ചപ്പോഴും കണ്ണൂരിനു വടക്ക് ജനങ്ങളുണ്ടെന്ന കാര്യം അധികൃതർ മറന്നുപോയി.
കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് ഒടയംചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ഭീമനടി, ചെറുപുഴ, ആലക്കോട്, ഇരിട്ടി, തലശേരി, കോഴിക്കോട്, പാലക്കാട് വഴി വേളാങ്കണ്ണിയിലേക്ക് ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും വെള്ളരിക്കുണ്ട്, തോമാപുരം, ചെറുപുഴ, രയരോം ഫൊറോന വികാരിമാരും കോൺഗ്രസ് നേതാക്കളായ സി.വി. ഭാവനൻ, മനോജ് തോമസ് എന്നിവരും മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി. രാജുവും ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നത്. എന്നാൽ ബസ് അനുവദിച്ചുകിട്ടിയപ്പോൾ അത് കാസർഗോഡ് ജില്ലയിലെ മലയോര കുടിയേറ്റ മേഖലകളെ പൂർണമായും അവഗണിച്ച് ഉദയഗിരിയിൽ നിന്ന് ആരംഭിക്കുന്ന വിധത്തിലായി.
കാഞ്ഞങ്ങാട് നിന്നാരംഭിച്ച് കാസർഗോഡ് ജില്ലയുടെ മലയോരമേഖലയിൽ കൂടി സർവീസ് നടത്തിയിരുന്നെങ്കിൽ ഈ ബസ് കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാവുകയും കൂടുതൽ വരുമാനമുണ്ടാക്കുകയും ചെയ്യുമെന്ന കാര്യം ഉറപ്പാണെന്ന് പൊതുപ്രവർത്തകരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ഉദയഗിരിയിൽ നിന്നാരംഭിക്കാൻ തീരുമാനിച്ച സർവീസ് കാഞ്ഞങ്ങാട്ടേക്കു നീട്ടണമെന്നാവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും എംപിയും എംഎൽഎമാരുമടക്കമുള്ള ജനപ്രതിനിധികൾക്കും നിവേദനം നൽകാനൊരുങ്ങുകയാണ് ഇവർ.
Tags : KSRTC Nattuvishesham DistrictNews