സംസ്ഥാന നാടകമത്സരത്തിലെ വിശിഷ്ടാതിഥികൾക്കുള്ള കത്തുകളുമായി മാണിയാട്ടെ കുട്ടികൾ.
തൃക്കരിപ്പൂർ: മാണിയാട്ട് കോറസ് കലാസമിതിയുടെ നേതൃത്വത്തിൽ ഈ മാസം 14 മുതൽ നടക്കുന്ന എൻ.എൻ. പിള്ള സ്മാരക സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിലേക്ക് വിശിഷ്്ടാതിഥികളെ ക്ഷണിക്കാൻ കുട്ടികളുടെ കത്ത്.
30 കുട്ടികളാണ് വിശിഷ്്ടാതിഥികൾക്കായി രണ്ടുവീതം കത്തെഴുതി പോസ്റ്റ് ചെയ്തത്. കളക്ടർ, ജില്ലാ പൊലിസ് മേധാവി, കാഞ്ഞങ്ങാട് ഡിവൈഎസ്പി, എഴുത്തുകാരായ സി.വി. ബാലകൃഷ്ണൻ, അംബികാസുതൻ മാങ്ങാട്, കരിവെള്ളൂർ മുരളി, പ്രകാശൻ കരിവെള്ളൂർ എന്നിങ്ങനെ ഓരോ ദിവസത്തെയും വിശിഷ്്ടാതിഥികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് കത്തെഴുതിയത്.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. സുരേഷ്, കൺവീനർ തമ്പാൻ കീനേരി എന്നിവർ കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകി.
14 മുതൽ 23 വരെ നടക്കുന്ന സംസ്ഥാന നാടക മത്സരവുമായി ബന്ധപ്പെട്ട് ഒരു ദിവസത്തെ പരിപാടികൾ നിയന്ത്രിക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ഒരു ദിവസം വനിതകളും ഒരു ദിവസം യുവതീയുവാക്കളും പരിപാടികൾ നിയന്ത്രിക്കും.