കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതയിലെ വിവിധ ഫൊറോനകൾ കേന്ദ്രീകരിച്ച് നടത്തുന്ന മേഖലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ച് തോമാപുരം മേഖലയിലെ കടുമേനി സെന്
തലശേരി: സാമൂഹികനന്മയും രാഷ്ട്രപുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതയിലെ വിവിധ ഫൊറോനകൾ കേന്ദ്രീകരിച്ച് നടത്തുന്ന മേഖലാ സമ്മേളനങ്ങൾ ആരംഭിച്ചു. തോമാപുരം മേഖലയിലെ കടുമേനി സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന സമ്മേളനം ഫാ. ജോസഫ് കാവനാടിയിൽ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് സാജു പടിഞ്ഞാറേട്ട് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ഡയറക്ടറായി നിയമതിനായ ഫാ. ജോബി കോവാട്ടിന് സ്വീകരണം നൽകി.
കർഷകസമൂഹത്തിനും പുതിയ തലമുറയെ വാർത്തെടുക്കുന്നതിനായി യുവതീയുവാക്കൾക്കും വിദ്യാർഥികൾക്കും വിശ്വാസത്തിലൂന്നിയ നേതൃത്വപാടവം നേടിയെടുക്കുന്നതിനും യുവാക്കളെ കാർഷികമേഖലയിലേക്ക് ആകർഷിക്കുന്നതിനുമായുള്ള പദ്ധതികൾ കത്തോലിക്കാ കോൺഗ്രസ് നടപ്പാക്കണമെന്ന് ഫാ. ജോബി കോവാട്ട് പറഞ്ഞു. ഇതിനായി കത്തോലിക്ക കോൺഗ്രസിന്റെ രൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികൾ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, വൈസ് പ്രസിഡന്റ് ടോമി കണയാങ്കൽ, മേഖല ഡയറക്ടർ ഫാ. തോമസ് പൂവൻപുഴ, മേഖലാ സെക്രട്ടറി തോമസ് മണ്ണനാനിക്കൽ, രൂപത സെക്രട്ടറിമാരായ സെബാസ്റ്റ്യൻ ജാതികുളം, ജയിംസ് ഇമ്മാനുവൽ, ജോസഫ് കൊച്ചുകുന്നത്തുപറമ്പിൽ, ആന്റോ തെരുവംകുന്നേൽ, സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന മേഖലാ സമ്മേളനങ്ങൾക്ക് ശേഷം ജനുവരിയിൽ മെംബർഷിപ് കാമ്പയിൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.