പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കോഴഞ്ചേരിയിലെ പുതിയ പാലത്തിന്റെ പിതൃത്വം സംബന്ധിച്ച് മുന്‍ എംഎല്‍എയും സിറ്റിംഗ് എംഎല്‍എയും തമ്മില്‍ ഫേസ് ബുക്കിലൂടെ വാക്പോര്. 2016 മുതല്‍ ആറന്മുള എംഎല്‍എയും മന്ത്രിയുമായിരുന്ന വീണാ ജോര്‍ജാണ് സിറ്റിംഗ് എംഎല്‍എ അബിന്‍ വര്‍ക്കി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നുണ പ്രചാരണം നടത്തുന്നുവെന്ന ആരോപണം ഫേസ്ബുക്കിലൂടെ ആദ്യം ഉന്നയിച്ചത്. പിന്നാലെ ഇതിനു മറുപടിയുമായി അബിന്‍ വര്‍ക്കിയും രംഗത്തെത്തി.
അബിന്‍ വര്‍ക്കിയുടെ വാദം വസ്തുതാവിരുദ്ധമെന്നാണ് വീണാ ജോര്‍ജ്
കോഴഞ്ചേരിയില്‍ പമ്പാനദിക്കു കുറുകെ പുതിയ പാലം അനുവദിച്ചതും പണം അനുവദിച്ചതും യുഡിഎഫ് ആണെന്നതു മുതല്‍ 2024 ജനുവരിയില്‍ പൂര്‍ത്തിയായ സ്ഥലമേറ്റെടുപ്പ് വരെയുള്ള കാര്യങ്ങളില്‍ അബിന്‍ വര്‍ക്കി പറയുന്നത് പച്ചക്കള്ളമാണെന്നാണ് വീണാ ജോര്‍ജിന്റെ വാദം. 2014ല്‍ പൂര്‍ത്തിയായ സ്ഥലമേറ്റെടുപ്പ് അബിന്‍ വര്‍ക്കി ഇപ്പോള്‍ നടത്തിയതാണെന്ന വാദം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നും പൊതുസമൂഹത്തോടു മാപ്പു പറയണമെന്നും വീണ ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ ഉത്തരവുകളും തീയതികളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് പ്രഖ്യാപിച്ചതാണ് കോഴഞ്ചേരിയിലെ പുതിയ പാലം. 2018ല്‍ ജി. സുധാകരനാണ് നിര്‍മാണോദ്ഘാടനം നടത്തിയത്. പണം നല്‍കിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ 2023 - 24 കാലയളവില്‍ പൂര്‍ത്തിയാക്കി. 2024 ജനുവരിയില്‍ തന്നെ പൂര്‍ത്തിയായ സ്ഥലമേറ്റെടുപ്പ് കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ നടത്തിയതാണെന്നു പറയാന്‍ കഴിയുന്നത് വലിയ ഒരു വിസ്മയം തന്നെയാണെന്നും വീണാ ജോര്‍ജിന്റെ കുറിപ്പില്‍ പറയുന്നു.
സത്യം നമ്മെസ്വതന്ത്രരാക്കും,നുണ നമ്മെ വീട്ടിലിരുത്തും;പാലത്തിന് അനുമതിനല്‍കിയത് യുഡിഎഫെന്ന് അബിന്‍
കോഴഞ്ചേരി പുതിയ പാലത്തിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്കിയ അനുമതി സംബന്ധിച്ച രേഖ പുറത്തുവിട്ട് അബിന്‍ വര്‍ക്കി എംഎല്‍എ വീണാ ജോര്‍ജിന് മറുപടിയുമായി രംഗത്ത്.
സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും എന്ന തലക്കെട്ടോടെയാണ് ഇത് സംബന്ധിച്ചുളള ഉത്തരവ് എംഎല്‍എ പുറത്തു വിട്ടത്. അതുകൊണ്ട് ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോണ്‍ എടുക്കണമെന്ന് അഭ്യര്ഥിക്കുന്നുവെനനും എംല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് നടക്കുന്ന പാലം ഉദ്ഘാടന ചടങ്ങിലേക്ക് വീണാ ജോര്‍ജിനെ നേരിട്ടു ക്ഷണിക്കാനായി പലതവണ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചതായും അവര്‍ യോഗത്തില്‍ വരണമെന്നു തന്നെയാണ ്താത്പര്യമെന്നും അബിന്‍ പറയുന്നു.
ഫേസബുക്കിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
കോഴഞ്ചേരി പുതിയ പാലം ഉദ്ഘാടനത്തിന് യാതൊരു വിധത്തിലുള്ള രാഷ്ട്രീയവും പാടില്ല എന്നായിരുന്നു എന്റെ വ്യക്തിപരമായ ആഗ്രഹം. അതുകൊണ്ടാണ് പാലം പണിയാന്‍ ആദ്യം ഫണ്ട് അനുവദിക്കപ്പെട്ട കാലത്തെ ആറന്മുള എംഎല്‍എ കെ. ശിവദാസന്‍ നായരെയും പാലം പണി നടന്ന ഘട്ടത്തില്‍ എംഎല്‍എയായിരുന്ന വീണാ ജോര്‍ജിനെയും പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാനുള്ള തീരുമാനം. ആഞ്ഞിലമൂട്ടില്‍ കടവ് പാലത്തിന്റെ ഉദ്ഘാടനം 2016ല്‍ അന്നത്തെ എല്‍ഡിഫ് സര്‍ക്കാരും അന്നത്തെ എംഎല്‍എയും ചേര്‍ന്ന് നടത്തിയപ്പോൾ, ആ പാലം പണി പൂര്‍ത്തീകരിച്ച ഘട്ടത്തിലെ എംഎല്‍എ ആയിരുന്ന ശിവദാസന്‍ നായരെ ക്ഷണിക്കുന്നതിന്റെ കാര്യത്തിലോ കേരളത്തിലെ മെട്രോ ഉൾപ്പടെയുള്ള മറ്റ് പ്രോജക്ട് ഉദ്ഘാടനങ്ങളുടെ കാര്യത്തിലോ ഇവര്‍ ആരും ഈ രാഷ്ട്രീയ മാന്യത കാണിച്ചിട്ടില്ല എന്നത് സാന്ദര്‍ഭികവശാല്‍ ഓര്‍മിപ്പിക്കട്ടെ.
പക്ഷേ ഇന്നലെ മുതല്‍ പാലം താന്‍ മാത്രമാണ്, തന്റേത് മാത്രമാണ് എന്ന് അവകാശപ്പെട്ട് ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഞാന്‍ നുണ പറയുകയാണ് എന്നായിരുന്നു അവരുടെ അവകാശവാദം.
ഞാന്‍ സത്യവിരുദ്ധമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും കെ.എം. മാണി ധനമന്ത്രിയുമായിരുന്ന കാലയളവില്‍ 2012-13 ബജറ്റില്‍ സ്ഥലം എംഎല്‍എ കെ. ശിവദാസന്‍ നായരുടെ പ്രത്യേക ആവശ്യപ്രകാരമാണ് ആദ്യമായി കോഴഞ്ചേരി പാലത്തിനു രണ്ടുകോടി രൂപ ഫണ്ട് അനുവദിക്കുന്നത്. ആയതിന്റെ ഭരണാനുമതിയും ലഭിച്ചിരുന്നുവെന്ന് അബിന്‍ വര്‍ക്കി രേഖകളോടെ സമര്‍ഥിക്കുന്നു. ബജറ്റിനു മുമ്പായി കോഴഞ്ചേരിയിലെത്തിയ കെ.എം. മാണി പാലം വേണമെന്ന എംഎല്‍എയുടെ ആവശ്യം ബജറ്റില്‍ പരിഗണിക്കുമെന്ന് പൊതുയോഗത്തില്‍ തന്നെ ഉറപ്പു നല്കിയിരുന്നതുമാണ്.
Tags : War of words between former MLA veenageorge NattuVishesham DistrictNews