ആലപ്പുഴ: കരിക്കുവിറ്റ പണം കലയ്ക്കു നൽകിയ ബൈജു ഹരിത ചന്ദന യാത്രയായി. കർഷകനായും നാടകനടനായും ഇളനീർ വ്യവസായിയായും വള്ളംകളി സംഘാടകനായും പൊതുരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു ബൈജു ഹരിതചന്ദന. തുമ്പോളി കലാലയിലൂടെ ആരംഭിച്ച പൊതുപ്രവർത്തനവും നാടകപ്രവർത്തനവും അവസാന കാലം വരെയും തുടർന്നു.
കേരളത്തിലെ ആദ്യകാല വിപ്ലവ ഗായികയായിരുന്നു എ.കെ. അനസൂയയുടെ ചെറുമകനാണ് ബൈജു. അമ്മൂമ്മയുടെ പാത പിന്തുടർന്ന് പൊതുപ്രവർത്തകരെയും കലാകാരന്മാരെയും തന്റെ സൗഹൃദവലയത്തിൽ ചേർത്തുനിർത്തി.
പ്രളയകാലത്തും കോവിഡ്സമയത്തും അവശത നേരിട്ട നിരവധി സാധു കുടുംബങ്ങൾക്കും പട്ടിണിയിലായ കലാകാരന്മാർക്കും കൈത്താങ്ങ് ആകാൻ ബൈജുവിന് കഴിഞ്ഞു. പ്രളയകാലത്ത് ക്യാമ്പുകൾ കേന്ദ്രീകരിച്ച് കൂട്ടുകാരായ കലാകാരന്മാരെ അണിനിരത്തി നിരവധി സാന്ത്വന പരിപാടികൾ നടത്തി പ്രളയബാധിതർക്ക് ആശ്വാസമേകി. പ്രശസ്ത നാടക കലാകാരൻ ശിവപ്രസാദിന്റെ സംവിധാനത്തിൽ പി.ജി. രാജ് രചിച്ച തേവാരം നാടകത്തിലെ പരികർമിയുടെ വേഷം അവതരിപ്പിച്ച് ബൈജു നാടകരംഗത്ത് അരങ്ങേറ്റം കുറിച്ചു.
പിന്നീട് ചാവറ കലാ നിലയത്തിന്റെ മദർ തെരേസ, വെളിച്ചത്തിന്റെ പടനായകൻ എന്നീ നാടകങ്ങളിലൂടെയും ശ്രദ്ധേയനായി. ടി.വി. സാംബശിവൻ, ഡൊമിനിക് പഴമ്പാശേരി, മനോജ് റാം എന്നിവരുടെ ശിക്ഷണത്തിൽ നിരവധി നാടകങ്ങളിൽ വേഷമിട്ടു. ചുങ്കം പ്രദേശത്തെ കൂട്ടുകാരെ ചേർത്തു നിർത്തി അവതരിപ്പിച്ച ലിയോണി ദാസ് എന്ന നാടകം ഏറെ ശ്രദ്ധ നേടി.
എസ് എൻ ഡിപി ബ്രാഞ്ച് നമ്പർ 25ന്റെയും പള്ളാത്തുരുത്തി ബോ ട്ട് ക്ലബിന്റെയും (പിബിസി ) വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. നന്മക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യ സംഘാടകൻ ആയിരുന്നു. പി. സിന്ധു ആണ് ഭാര്യ. ദേവി ചന്ദന, ഹരിത എന്നിവർ മക്കളും ശ്രീജിത്ത് മരുമകനുമാണ്. സംസ്കാരം നടത്തി.
Tags :